ഇടുക്കി: ക്ലാസ് മുറികളിലെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്നും പാടവരമ്പത്തേക്ക് ഞാറ്റുപാട്ടുകളുമായി അവരിറങ്ങി. ആനവിരട്ടിയിലെ പാടശേഖരത്തില്‍ കുട്ടികള്‍ ആവേശത്തോടെയാണ് ഞാറുനട്ടത്. അന്യം നിന്ന് പോകുന്ന നെല്‍കൃഷിയുടെ മാഹാത്മ്യവും പ്രധാന്യവും അടുത്തറിയാനും അവര്‍ക്ക് കഴിഞ്ഞു.
സംസ്ഥാന വ്യാപകമായി കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഞാറുനടീല്‍. തോക്കുപാറ, ശല്യാംപാറ, ആനവിരട്ടി, എല്ലക്കല്‍ തുടങ്ങിയ ഇടങ്ങളിലെ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുട്ടികളാണ് ഞാറുനട്ടത്. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍.ബിജി ഞാറുനടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു.
പാലക്കാടന്‍ മട്ട ഇനത്തില്‍ ഉള്‍പ്പെട്ട ഞാറായിരുന്നു കൃഷിക്കായി എത്തിച്ചിരുന്നത്. ഞാറ്റുപാട്ടിന്റെ ഈണത്തിനൊത്ത് ഞാറു കുത്താന്‍ അധ്യാപകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പാടശേഖര സമിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു. ആനവിരട്ടിയിലെ പത്തേക്കറോളം വരുന്ന പാടത്ത് കതിരണിയിക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.