ഇടുക്കി : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിക്കുകയും വിനോദ സഞ്ചാര മേഖല വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തതോടെ ഇടുക്കിയുടെ മഞ്ഞും കുളിരും തേടി സഞ്ചാരികളെത്തിത്തുടങ്ങി.
അടച്ചുപൂട്ടല്‍ ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലയ്‌ക്ക് ഇരുട്ടടിയായിരുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സാമ്പത്തിക മാന്ദ്യവും വിനോദ സഞ്ചാര മേഖലയിലൂടെ മറികടക്കാമെന്ന വലിയ പ്രതീക്ഷയിലാണ് കരിനിഴല്‍ വീണത്.
റിസോര്‍ട്ട്, ഹോം സ്റ്റേ, ചെറുകിട വ്യാപാരികള്‍, ടാക്‌സി തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി ഈ രംഗത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പതിനായിരങ്ങള്‍ പട്ടിണിയുടെ നടുവിൽ നില്‍ക്കെയാണ് ആശ്വാസവും പ്രതീക്ഷയും പകര്‍ന്ന് ഉല്ലാസ കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്.
കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമാണ് ഓരോ കേന്ദ്രത്തിലും സന്ദർശനാനുമതിയെങ്കിലും അവ നൽകുന്ന ആശ്വാസം ചെറുതല്ല. വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടാക്‌സി വാഹനങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം നിരത്തിലിറങ്ങി.
സി സി കുടിശ്ശിക അടക്കം തിരിച്ചടയ്ക്കാന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലായ ടാക്‌സി തൊഴിലാളികൾ വലിയ ആശ്വാസത്തിലാണ്. ലക്ഷങ്ങള്‍ വരുമാനം ലഭിച്ചിരുന്ന ഡിടിപിസി സെന്‍ററുകള്‍ മാസങ്ങളായി അടഞ്ഞുകിടന്നതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലടക്കം പ്രതിസന്ധി നേരിട്ടിരുന്നു.
Also Read: ടൂറിസം മേഖലയില്‍ 'ബയോ ബബിളി'ന് സര്‍ക്കാര്‍ ; പുനരുജ്ജീവനം ലക്ഷ്യം
ഈ ഘട്ടത്തിലാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുനല്‍കിയിരിക്കുന്നത്. ഇടുക്കിയുടെ കുളിരുതേടി സഞ്ചാരികൾ എത്തിത്തുടങ്ങിയത് കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മലയോരത്തിന് ഓണക്കാല പ്രതീക്ഷകള്‍ പകര്‍ന്നുനല്‍കുന്നു.