ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. ശാന്തന്‍പാറ തലക്കുളം സ്വദേശി സാമുവല്‍ (70) ആണ് മരിച്ചത്. മൃതദേഹവുമായി നാട്ടുകാര്‍ പൂപ്പാറയില്‍ ദേശീയപാത ഉപരോധിച്ചു.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഏലത്തോട്ടത്തിലെ ജോലി ചെയ്യുന്നതിനിടെയായിരുന്നു സാമുവലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കൃഷിയിടത്തില്‍ നിലയുറപ്പിച്ചിരുന്ന, ചില്ലകൊമ്പനെന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. സാമുവല്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കാട്ടാന ആക്രമണത്തിന് പരിഹാരം ആവശ്യപെട്ട് മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയും, മൂന്നാർ-കുമളി സംസ്ഥാനപാതയും സംഗമിക്കുന്ന പൂപ്പാറയില്‍, പൂര്‍ണമായും ഗതാഗതം തടസപ്പെടുത്തിയാണ് നാട്ടുകാര്‍ സമരം നടത്തുന്നത്.
സംസ്ഥാനത്ത് കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമാണ് മതികെട്ടാന്‍ ചോലയോട് ചേര്‍ന്ന് കിടക്കുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകള്‍. ഏതാനും വര്‍ഷങ്ങളായി കാട്ടാനകളുടെ ആക്രമണം അതിരൂക്ഷമാണ്. വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് വിവിധ രാഷ്‌ട്രീയകക്ഷികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മൃതദേഹവുമായി റോഡ് ഉപരോധം. അതേസമയം ആക്രമണത്തില്‍ മരണപ്പെട്ട സാമുവലിന്‍റെ കുടുംബത്തിന് അടിയന്തരമായി ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ മരിച്ച സാമുവലിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്‌ടപരിഹാരവും, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പ് നല്‍കിയ ശേഷം മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് നാട്ടുകാരുടെ നിലപാട്. ആനയിറങ്കല്‍, മതികെട്ടാന്‍ ചോല മേഖലകളിലെ ആക്രമണകാരികളായ ആനകളെ പ്രദേശത്ത് നിന്നും മാറ്റുന്നതിന് ഇടപെടലുണ്ടാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. മരണം സംഭവിക്കുമ്പോള്‍ സ്ഥിരം വാഗ്‌ദാനങ്ങള്‍ നല്‍കി ഒഴിവാകുന്ന നിലപാട് ഇനി അനുവദിക്കില്ലെന്നും നാട്ടുകാര്‍ അറിയിച്ചു.