ഇടുക്കി : കട്ടപ്പന സ്വദേശി റെജി ഞള്ളാനിക്ക് കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ പുരസ്‌കാരം. അത്യുത്പാദന ശേഷിയുള്ള പുതിയ ഇനം ഏലം വികസിപ്പിച്ചെടുത്തതിനാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന്‍റെ നാഷണൽ ഇന്നവേറ്റിവ് അവാർഡ് ഈ കൃഷി ശാസ്ത്രജ്ഞനെ തേടിയെത്തിയത്.
അത്യുത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റചിമ്പൻ, പതിയൻ, കുഴിയില്ല പ്ലാന്‍റിംഗ്, റിങ് പ്ലാന്‍റിംഗ് തുടങ്ങിയ പുത്തൻ നടീൽ രീതികളും വളപ്രയോഗ മുറകളും വികസിപ്പിച്ചെടുത്തതിന് ശാസ്ത്ര സാങ്കേതിക കൗൺസിലിന്‍റെ ദേശീയ പുരസ്‌കാരം മുമ്പ് റെജിക്ക് ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഒട്ടേറെ കര്‍ഷകര്‍ ഞള്ളാനി ഏലവും അദ്ദേഹത്തിന്‍റെ നടീൽ രീതികളുമാണ് പ്രയോഗിക്കുന്നത്. ചെന്നൈയിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ സസ്യ-ജനിതക സാധ്യത ആരായുന്ന ഏഷ്യാ -പസഫിക് അന്താരാഷ്‌ട്ര പഠന സമിതിയിൽ അംഗമായിരുന്നു. സംസ്ഥാന, ദേശീയ അന്തർ ദേശീയ തലത്തിൽ ആറ് ശാസ്‌ത്ര പ്രബന്ധങ്ങൾ റെജി അവതരിപ്പിച്ചിട്ടുമുണ്ട്.
ALSO READ: സഞ്ചാരികളുടെ പറുദീസ,സൗകര്യങ്ങളിൽ പരാജയം ; മാലിന്യസംസ്‌കരണം പോലുമില്ലാതെ രാമക്കൽമേട്
ദേശീയ അന്തർ ദേശീയ സംഘടനകളുടെ മേൽനോട്ടത്തിൽ 2012ൽ ബെംഗളുരുവിൽ സംഘടിപ്പിച്ച ഇന്ത്യൻ ബയോഡൈവേഴ്‌സിറ്റി ശാസ്‌ത്ര സമ്മേളനത്തിൽ റെജി അവതരിപ്പിച്ച ശാസ്‌ത്ര പ്രബന്ധത്തിന് മികച്ചതിനുള്ള അവാർഡും ലഭിച്ചിരുന്നു.
മറ്റ് നിരവധി അംഗീകാരങ്ങളും ഇതിനോടകം റെജി ഞള്ളാനിയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോൾ ഏലം വിളവെടുപ്പിനുള്ള യന്ത്രം വികസിപ്പിച്ചെടുക്കുന്നതിനും അതിനുണ്ടാകുന്ന വിവിധ ഗുരുതര രോഗങ്ങൾക്കുള്ള മരുന്ന് വികസിപ്പിക്കുന്നതിനുമുള്ള ഗവേഷണത്തിലാണ് റെജി.