ഇടുക്കി: പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ബോട്ടിങ്ങിനൊപ്പം വനയാത്രയും. പൊന്മുടി ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രകൃതിസൗഹൃദ ടൂറിസം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറി കഴിഞ്ഞ പൊന്മുടിയില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തയ്യാറെടുക്കുകയാണ് അധികൃതര്‍.
ബോട്ടിൽ ജലയാത്ര നടത്തുന്നതിനൊപ്പം സമീപത്തെ ചെറുദ്വീപുകളിലേക്ക് സഞ്ചാരികളെ എത്തിക്കും. രണ്ട് മണിക്കൂര്‍ സമയം സഞ്ചാരികള്‍ക്ക് വനമേഖലയിലൂടെ സഞ്ചരിച്ച് ഹരിതഭംഗി ആസ്വദിക്കാന്‍ കഴിയും.
വനയാത്രക്ക് അവസരമൊരുക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാനും ഇതിലൂടെ മേഖലയുടെ വികസനത്തിന് വഴിയൊരുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം വനമേഖല പ്ലാസ്റ്റിക് മുക്തമാക്കി നിലനിര്‍ത്താനും ജൈവസമ്പത്ത് സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.