ഇടുക്കി: നിധി തേടിയുള്ള ഒരു കുടുംബത്തിന്‍റെ ആഭിചാരക്രിയകളുടെ ഫലമായിരുന്നു ഇടുക്കി പനംകുട്ടിയിലെ സോഫിയയുടെ കൊലപാതകം. ഭര്‍ത്താവ് മോഹനനും കുടുംബാംഗങ്ങളും ചേര്‍ന്ന് സോഫിയയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ച് മൂടിയ സംഭവം ഇന്നും ഞെട്ടലോടെയാണ് പ്രദേശവാസികള്‍ ഓര്‍ക്കുന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ആ നരബലി നാല് പതിറ്റാണ്ട് പിന്നിടുന്നു.
ബലിത്തറയില്‍ വീണ രക്തം: 1981 ഡിസംബർ 17ാം തിയതി വ്യാഴാഴ്‌ച പനംകുട്ടി സെന്‍റ് ജോസഫ് സ്‌കൂളിന്‍റെ എതിർവശത്തുള്ള ഹനുമാൻ കുന്നിലെ ചുരുളിപ്പറമ്പിൽ കറുപ്പൻ അയ്യപ്പന്‍റെ വീട്ടിൽ രഹസ്യമായി ഒരു ബലിത്തറ ഉയർന്നു. മന്ത്രോച്ചാരണങ്ങളും അട്ടഹാസങ്ങളും മണിയടികളും മുഴങ്ങി. ശൂലം കൊണ്ട് പെൺകുട്ടിയെ കൊന്ന് ആയുധത്തോടൊപ്പം കുഴിച്ചിട്ടാല്‍ അത് നിധിയായി മാറുമെന്നും 90 ദിവസം കഴിയുമ്പോൾ അവൾ ഉയിർത്തെഴുന്നേല്‍ക്കുമെന്നുമായിരുന്നു സോഫിയയുടെ ഭർത്താവ് മോഹനൻ, മോഹനന്‍റെ അച്ഛൻ കറുപ്പൻ അയ്യപ്പന്‍, അമ്മ രാധ, സഹോദരൻ ഉണ്ണി എന്നിവരുടെ വിശ്വാസം.
മധുവിധുവിന്‍റെ ചൂടാറാത്ത പതിനേഴുകാരിയായ പെൺകുട്ടിയെ അർധനഗ്‌നയാക്കി ബെഞ്ചിന് മുകളിൽ വരിഞ്ഞു മുറുക്കികെട്ടി കിടത്തിയിരിക്കുന്നു. സ്വന്തം ഭർത്താവിന്‍റെ അനുജൻ ഉണ്ണി നരബലി നടത്തി. കുടുംബ ജീവിതത്തിന്‍റെ ഒരു പിടി സ്വപ്‌ങ്ങളുമായി മോഹനന്‍റെ ഭാര്യയായി ചുരുളിപ്പറമ്പിൽ വീട്ടിലേക്ക് എത്തിയ സോഫിയയെ കാത്തിരുന്നത് ക്രൂരമായ മരണമായിരുന്നു. ശൂലം ഉപയോഗിച്ച് ഇരുപത്തിയാറോളം തവണ കുത്തി മുറിവേൽപ്പിച്ചു. മുറിവുകളിൽ നിന്നും ഒഴുകിയ രക്‌തം ശേഖരിച്ച് പിതാക്കന്മാരെ അടക്കം ചെയ്‌ത കുഴിമാടത്തിലും തളിച്ചു.
കഥയിലെ ട്വിസ്റ്റ്: മന്ത്രോച്ചാരണങ്ങളും മണിയടികളും മുഴങ്ങി കേട്ടത് അന്വേഷിക്കാൻ പിറ്റേ ദിവസം രാവിലെ എത്തിയ പ്രദേശവാസികളെ കറുപ്പൻ്റെ ഭാര്യ രാധ വെട്ടി പരിക്കേല്‍പിച്ചു. പരിക്കേറ്റവര്‍ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണവും ചോദ്യം ചെയ്യലുമാണ് ഇടുക്കിയെ നടുക്കിയ നരബലി പുറം ലോകം അറിയുന്നത്. സോഫിയയുടെ മൃതദേഹം വീടിന് ഉള്ളിൽ തന്നെ മറവ് ചെയ്‌തിരുന്നു. മൃതദേഹം കുഴിച്ചെടുക്കുമ്പോൾ രാധ പറഞ്ഞത് നിങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ അവള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും നിധി ലഭിക്കുകയും ചെയ്‌തേനെയെന്നാണ്.
നിധി തേടിയ ആഭിചാരം അവസാനിച്ചത് ഇങ്ങനെ: പ്രതികൾ എല്ലാം ശിക്ഷിക്കപ്പെട്ടു. ഒന്നാം പ്രതി ഉണ്ണി ജയിൽ കഴിയവേ മരണപ്പെട്ടു. മോഹനൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. കറുപ്പനും രാധയും എവിടെയെന്ന് ആർക്കും അറിയില്ല. സോഫിയയുടെ രക്തവും കണ്ണീരും വീണ് കുതിര്‍ന്ന മണ്ണും വീടും കേസ് നടത്താനുള്ള ചെലവിനായി വക്കീലിന് നല്‍കി. അയാൾ അത് പലർക്കായി വിറ്റു. ആർക്കും അധികനാൾ അവിടെ കഴിയാനായില്ല. ശ്മശാന ഭൂമിയായി ഇന്നുമുണ്ട് പനംകുട്ടിയിലെ ആ വീട്.