ഇടുക്കി: കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിൽ കുടുങ്ങിയ വയോധികനെ അഗ്നിശമനസേനയെത്തി സാഹസികമായി രക്ഷപ്പെടുത്തി. ഇരുപതേക്കർ പാലത്തിലെ തൂണിന്‍റെ തറയിൽ കുടുങ്ങിപ്പോയ വയോധികനെയാണ് മൂന്നാർ, അടിമാലി അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി രക്ഷപ്പെടുത്തിയത്. ബൈസൺവാലി സ്വദേശി മണ്ണിൽപ്പുരയിടം ബേബിച്ചൻ (70) ആണ് പാലത്തിനടിയിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
വീടുപേക്ഷിച്ച് നടന്നിരുന്ന വയോധികൻ കുറച്ച് നാളായി പാലത്തിന്‍റെ അടിയിൽ കരയോട് ചേർന്നുള്ള തൂണിന്‍റെ തറയിലാണ് രാത്രി ഉറങ്ങാറുള്ളത്. പതിവുപോലെ കഴിഞ്ഞ രാത്രിയും ഇവിടെ കിടന്നുറങ്ങുമ്പോൾ കനത്ത മഴയിൽ വെള്ളം പൊങ്ങി ഒഴുക്കിൽപ്പെടുന്ന സ്ഥിതിയിലാവുകയായിരുന്നു. ഇത് കണ്ട സമീപവസിയായ സർപ്പക്കുഴിയിൽ ഷിജുവാണ് നാട്ടുകാരെയും അഗ്നിശമനസേനയേയും വിവരം അറിയിച്ചത്. ഉടനെ തന്നെ മൂന്നാർ, അടിമാലി അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുതിച്ചൊഴുകുന്ന പുഴയിൽ ഇറങ്ങി, ഒഴുക്ക് വകവയ്ക്കാതെയായിരുന്നു രക്ഷാപ്രവർത്തനം. വയോധികന്‍റെ സമീപത്തെത്തി ഇയാളെ വലയിൽ പൊതിഞ്ഞ് പാലത്തിന്‍റെ മുകളിലേയ്ക്ക് വലിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. അവശനിലയിലായിരുന്ന വയോധികനെ ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. മൂന്നാർ സ്റ്റേഷൻ ഫയർ ഓഫീസർ ബാബുരാജ്, ബാബു ഹനീഫ, അടിമാലി യൂണിറ്റ് ഓഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്നു. പുഴയിൽ ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതും നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.