ഇടുക്കി: മാങ്കുളം ഉൾപ്പെടെയുള്ള മേഖലകളില്‍ വന്യജീവികുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി. വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് കൃത്യമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എം.പി രംഗത്ത് എത്തി. ജാഗ്രത സമിതികള്‍ മുഖേന ഒരോ പ്രദേശത്തേയും വന്യജീവി ആക്രമണം ചെറുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഇത് സർക്കാർ അംഗീകരിക്കണം. ഫണ്ടിന്‍റെ അപര്യാപ്‌തത ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പ്രതിരോധ ഉപാധികള്‍ വെട്ടികുറക്കുന്നത്. ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മേഖലയില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യജീവികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇവയുടെ എണ്ണം നിയന്ത്രിക്കാനാവശ്യമായ ശാസ്ത്രീയ നടപടികള്‍ ഉണ്ടാകണം. ഫണ്ടിന്‍റെ പേരില്‍ പുതിയ പ്രൊജക്റ്റുകൾ നിഷേധിക്കാതിരിക്കുകയും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മാത്രമെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായി പരിഹരിക്കാൻ കഴിയൂ എന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.