ഇടുക്കി: ഓരോ ഓഗസ്റ്റ് മാസവും ഭീതി നിറയുന്ന ഓര്‍മയാണ് മൂന്നാറിന്. തുടർച്ചയായ മൂന്ന് വര്‍ഷം... പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച മൂന്നാറില്‍ ഓരോ മഴക്കാലത്തും ദുരന്തം പെയ്തിറങ്ങുകയായിരുന്നു. മഞ്ഞണിഞ്ഞ മലനിരകളില്‍ കൃഷി ഉപജീവനമാക്കിയവർ. വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിതം നയിക്കുന്നവർ... 2018 ഓഗസ്റ്റില്‍ എല്ലാം അപ്രതീക്ഷിതമായിരുന്നു. പ്രളയം മൂന്നാറിനെ പൂർണമായും വിഴുങ്ങി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. വൈദ്യുതി ബന്ധം നഷ്ടമായതോടെ മിക്ക പ്രദേശങ്ങളും ദിവസങ്ങളോളം ഒറ്റപ്പെട്ടു. വിനോദ സഞ്ചാരികള്‍ മൂന്നാറിന്‍റെ പല പ്രദേശങ്ങളിലും കുടുങ്ങി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി, മാട്ടുപെട്ടി ഡാമുകള്‍ തുറന്നു. ചീയപ്പാറയില്‍ മലയിടിഞ്ഞ് 20 തൊഴിലാളികളും വാളറയില്‍ മണ്ണിടിഞ്ഞ് വിദേശികളടക്കം 60 പേരും കുടുങ്ങി. മൂന്നാര്‍ ടൗണും പഴയ മൂന്നാര്‍ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മുതലപ്പുഴയാര്‍ കരകവിഞ്ഞൊഴുകി. മഴക്കെടുതിയില്‍ നല്ലതണ്ണിയിലും ദേവികുളത്തും നിരവധി ജീവനുകള്‍ പൊലിഞ്ഞു. ചരിത്ര ശേഷിപ്പുകളായിരുന്ന തൂക്കുപാലവും ഹൈറേഞ്ചിന് സമീപത്തെ പാലവും ഓര്‍മയായി. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ കുതിച്ചൊഴുകിയതോടെ കട്ടപ്പനയിലേയ്ക്കുള്ള ഗതാഗതം പൂർണമായി നിലച്ചു. മൂന്നാർ -മറയൂർ പാതയിലെ പെരിയാവാരെ പാലം തകര്‍ന്നു. അന്തര്‍- സംസ്ഥാന പാതയായ മൂന്നാർ- ഉദുമൽപേട്ട പാത ഗതാഗതയോഗ്യമല്ലാതായി. 1924 ന് ശേഷം കേരളം കണ്ട മഹാപ്രളയമായിരുന്നു 2018 ല്‍ ഉണ്ടായത്. മൂന്നാറിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ത്തും നിര്‍ജീവമായി. ഇരവികുളം ദേശീയ ഉദ്യാനം മാസങ്ങളോളം അടച്ചിടേണ്ടി വന്നു.
പ്രളയ ശേഷം സാധാരണ ജീവിതത്തിലേക്ക് കരകയറിയ മൂന്നാറില്‍ 2019 ഓഗസ്റ്റില്‍ വീണ്ടും പ്രളയം. നല്ലതണ്ണിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. മൂന്നാറിലെ ഉള്‍പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. നിരവധി കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. പെരിയവരയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലം ശക്തമായ ഒഴുക്കില്‍ തകര്‍ന്നതോടെ മൂന്നാര്‍- ഉദുമല്‍പ്പേട്ട പാതയില്‍ ഗതാഗതം നിലച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പല ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
2020 ഓഗസ്റ്റിലും മഴ ശക്തമായി. ഓഗസ്റ്റ് എട്ടിന് രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. കുട്ടികളും സ്ത്രീകളും അടക്കം 58 പേർക്ക് ജീവൻ നഷ്ടമായി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അവസാന ആളെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രദേശത്തെ 64 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. രക്ഷപെട്ടവർക്ക് സർക്കാർ സഹായവാഗ്‌ദാനം. പക്ഷേ ഓരോ ഓഗസ്റ്റ് മാസവും മൂന്നാറിന്‍റെ മനസില്‍ പ്രളയത്തീയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറില്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഓരോ മനുഷ്യനും. ദുരന്തം പെയ്‌തിറങ്ങാത്ത മഴക്കാലമാണ് അവരുടെ മനസില്‍.