ഇടുക്കി: 32-ാംമത് ഇടുക്കി ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിര്‍വ്വഹിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 3000 കുട്ടികൾ പങ്കെടുക്കും. കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തിങ്കളാഴ്ച്ച കലോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെയാണ് നിര്‍വഹിച്ചത്. ജയപരാജയങ്ങള്‍ കലോത്സവ വേദികളില്‍ സര്‍വ്വസാധരണമാണെന്നും പരാജയത്തെ ജീവിതത്തിലെ വലിയ തോല്‍വിയായി മത്സരാര്‍ഥികള്‍ കാണരുതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കലോത്സവ ലോഗോ തയ്യാറാക്കിയ കട്ടപ്പന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മെല്‍ബിന്‍ രാജേഷിനെ മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു. കലോത്സവ നഗരിയില്‍ സജ്ജമാക്കിയിട്ടുള്ള ഒമ്പത് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 21ന് കലോത്സവം സമാപിക്കും.