ഇടുക്കി: ദേവികുളം പീച്ചാട് പ്ലാമലയില്‍ റിസര്‍വ് വനത്തിന് ജണ്ടയിടുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് തത്കാലത്തേക്ക് തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് ജില്ല ഭരണകൂടം. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. പ്രദേശത്തെ കൃഷി നശിപ്പിച്ച വനംവകുപ്പിന്‍റെ നടപടി വിവാദമായിരുന്നു. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സര്‍വേ നടപടികൾ പൂര്‍ത്തിയാക്കിയ മേഖലയില്‍ ജണ്ടയിടല്‍ തുടരും. കഴിഞ്ഞ ദിവസം കൃഷി വെട്ടി നശിപ്പിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതായും കലക്ടര്‍ വിശദീകരിച്ചു.
Also read: പീച്ചാട് പ്ലാമലയില്‍ വനംവകുപ്പിന്‍റെയും പൊലീസിന്‍റെയും നടപടിയിൽ പ്രതിഷേധം ശക്തം
60 വര്‍ഷത്തോളമായി കൃഷി ചെയ്തുവരുന്നയിടത്തെ വിളകളാണ് ജണ്ടയിടലിന്‍റെ ഭാഗമായി വനംവകുപ്പ് നശിപ്പിച്ചത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്തുവന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടം ഇടപെട്ടത്. കോടതി നിര്‍ദേശപ്രകാരം കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ വനഭൂമികളില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഭൂമിയിലെ ഏലച്ചെടികളാണ് കഴിഞ്ഞ ദിവസം വെട്ടി നശിപ്പിച്ചത്. എന്നാല്‍ പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്നയിടത്ത് വനംവകുപ്പിന്‍റെ ഇടപെടലുണ്ടായത് കര്‍ഷകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.