ഇടുക്കി : ഇടുക്കി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും തുറന്നു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. റൂൾ കർവ് അനുസരിച്ചാണ് അണക്കെട്ട് തുറന്നിരിക്കുന്നത്. 2018ൽ അഞ്ച് മിനിറ്റ് ഇടവിട്ടുതുറന്ന ഷട്ടറുകൾ ഇത്തവണ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് തുറന്നത്.
പതിനൊന്ന് മണിക്ക് ആദ്യ ഷട്ടർ തുറന്നു. അരമണിക്കൂർ പിന്നിട്ടതിനുശേഷമാണ് ചെറുതോണി ടൗണിൽ വെള്ളം എത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ ഷട്ടർ ഉയർത്തുന്നത്. ആദ്യ ഷട്ടർ ഉയർത്തി വെള്ളം ഒഴുകുന്ന മേഖലകൾ തിട്ടപ്പെടുത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രണ്ടാമത്തെ ഷട്ടർ ഉയർത്തിയത്.
തുടർന്ന് അരമണിക്കൂറിന് ശേഷമാണ് മൂന്നാമത്തെ ഷട്ടർ 35 സെന്‍റീമീറ്റര്‍ ഉയർത്തിയത്. ഇതോടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകി തുടങ്ങി. 2018ലെ നാശനഷ്‌ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ വളരെ കരുതലോടെ അണക്കെട്ട് തുറന്നിരിക്കുന്നത്.
2018ൽ ചെറുതോണി പാലത്തിൽ വെള്ളം കയറിയിരുന്നു. നിലവിൽ ചെറുതോണി പാലത്തിലൂടെ സുഗമമായ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
ഡാം തുറക്കുന്നത് അഞ്ചാം തവണ
1981 ഒക്‌ടോബര്‍ 29, 1992 ഒക്‌ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത്, ഒക്‌ടോബര്‍ ആറ് തിയ്യതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല. ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് ഇത്തവണയും ഡാം തുറക്കുന്നത്.
കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച്ച് ഡാം, കുളമാവ്, ചെറുതോണി എന്നിങ്ങനെ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതില്‍ ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്‍റെ ഷട്ടറാണ് തുറക്കുക.
വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും.
സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കുക. മുന്‍കരുതലെന്നോണം ഇടമലയാര്‍, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്.
ദുരന്തം വിതച്ച 2018
1981 ഒക്‌ടോബര്‍ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്‌ടോബര്‍ 12 മുതല്‍ അഞ്ച് ദിവസം ഡാം തുറന്നു. 26 വര്‍ഷത്തിന് ശേഷം മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ് മൂന്നാം തവണ തുറന്നത്.
സെപ്‌റ്റംബര്‍ 7 വരെ 29 ദിവസം ഷട്ടറുകള്‍ 70 സെന്‍റീമീറ്റര്‍ തുറന്നുവെച്ചു. 15 മിനിറ്റ് കൊണ്ട് 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി. അന്നത്തെ വൈദ്യുതി മന്ത്രി എം.എം മണിയും വന്‍ ജനാവലിയും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ചു.
ചെറുതോണിയാറിലേക്ക് ഒമ്പതാം മിനിറ്റില്‍ ജലം ആര്‍ത്തലച്ച് എത്തിയതോടെ ആദ്യം പാലവും തുടര്‍ന്ന് ചെറുതോണി ടൗണും വെള്ളത്തിലായി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ തണല്‍മരങ്ങള്‍ മുഴുവന്‍ കടപുഴകി. ജലപ്രവാഹത്തില്‍ ഹെക്‌ടര്‍ കണക്കിന് പ്രദേശത്തെ കൃഷിനശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ ആറിന് ഒരു ഷട്ടര്‍ മാത്രം വീണ്ടും ഉയര്‍ത്തിയിരുന്നു.
Also read: ചരിത്രത്തില്‍ അഞ്ചാം തവണ, ജാഗ്രതയോടെ ഇടുക്കി ഡാം തുറന്നു