ഇടുക്കി: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിന് രൂപം നൽകിയത്. പഞ്ചായത്തിന് രൂപം നൽകി ഒരു പതിറ്റാണ്ട് കാലം പിന്നിടുമ്പോഴും അടിസ്ഥാന വികാസങ്ങളുടെ പോരായ്‌മയിൽ വീർപ്പുമുട്ടുകയാണ് ഇടമലക്കുടി ഗ്രാമം. സഞ്ചാര യോഗ്യമായ പാത ഇല്ലായെന്നതാണ് ഇവരെ ഏറെ വിഷമിപ്പിക്കുന്നത്.
കുടി വരെ വനത്തിലൂടെ സൊസൈറ്റി റോഡ് വെട്ടിയെങ്കിലും ഫോർ വീൽ ഡ്രൈവ് ഉള്ള വാഹനത്തിൽ സാഹസിക യാത്ര നടത്തണം. മഴക്കാലമായാല്‍ കാൽനട യാത്ര മാത്രമാണ് ആശ്രയം. ഭക്ഷ്യസാധങ്ങൾ തലച്ചുമടായി വേണം കുടികളിൽ എത്തിക്കാൻ. വാഹന സൗകര്യം ഇല്ലാത്തതിനാൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇങ്ങോട്ട് എത്തുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നതെന്ന് മുൻ എം.എൽ.എ എ.കെ.മണി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സാ സഹായം കിട്ടണമെങ്കിൽ കിലോമീറ്ററുകൾ നടക്കേണ്ട അവസ്ഥയാണ് ഇവർക്കുള്ളത്. ഈ ദുരിത യാത്ര എന്ന് അവസാനിക്കുമെന്നാണ് ഇടമലക്കുടിക്കാര്‍ ഒരുപോലെ ചോദിക്കുന്നത്.