ഇടുക്കി: പെട്ടിമുടി ദുരന്തം സംഭവിച്ച അന്നുതന്നെയാണ് പള്ളിവാസില്‍ സ്വദേശിയായ ചെല്ലദുരൈയുടെ വീടും ശക്തമായ മഴയില്‍ തകർന്നത്. പള്ളിവാസില്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മൂലക്കടിക്ക് സമീപമാണ് ചെല്ലദുരൈയുടെ വീട്. ദുരന്ത ദിവസം വൈകിട്ട് സമീപത്തെ കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണും ഇടിഞ്ഞ് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഭാര്യയും മകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് വീട് നഷ്‌ടപെട്ട കുടുംബം.
വീട് തകർന്ന അന്നുതന്നെ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങിയെങ്കിലും നടപടിയുണ്ടായില്ല. സമീപത്ത് വാടകയ്ക്ക് മുറിയെടുത്താണ് ഇപ്പോള്‍ താമസിക്കുന്നത്. ബേക്കറി ജീവനക്കാരനായ ചെല്ലദുരൈയ്ക്ക് കൊവിഡ് മൂലം വരുമാനവും പ്രതിസന്ധിയിലാണ്. എത്രയും വേഗം അധികാരികള്‍ കനിയുമെന്നാണ് ഇവരുടെ പ്രതിക്ഷ.