ഇടുക്കി: കനത്ത മഴയ്‌ക്കൊപ്പം കാറ്റും ശക്തമായതോടെ ഇടുക്കി ഹൈറേഞ്ചിലൂടെയുള്ള യാത്ര ദുഷ്‌കരം. പാതയോരങ്ങളില്‍ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. ചെമ്മണ്ണാര്‍ - ഉടുമ്പന്‍ചോല പാതയുടെ നവീകരണത്തിന്‍റെ ഭാഗമായി മണ്ണ് നീക്കിയതോടെയാണ് വന്‍മരങ്ങള്‍ നിലം പൊത്താറായ സ്ഥിതിയിലായത്.
മഴക്കാലത്തിന് മുന്‍പ് റോഡരികിലും തോട്ടങ്ങളിലും അപകട ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ മുറിച്ച് നീക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജൂലൈ അഞ്ചിന് വ്യത്യസ്‌ത സംഭവങ്ങളിലായി മരം വീണ് മൂന്ന് തോട്ടം തൊഴിലാളികളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
വിവിധ മേഖലകളില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്കും, വീടുകളുടെ മുകളിലേക്കും മരം വീണിരുന്നു. ചെമ്മണ്ണാര്‍ - ഉടുമ്പന്‍ചോല പാതയിലെ ഉണക്ക മരങ്ങള്‍ പോലും വെട്ടി നീക്കാന്‍ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഹൈറേഞ്ചിലെ പ്രധാന പാതയായ ഇതുവഴി, നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്.
പത്തോളം സ്‌കൂളുകളുടെ ബസുകളും ഇതുവഴി പ്രതിദിനം കടന്നുപോകുന്നുണ്ട്. വനം വകുപ്പിന്‍റെ എതിര്‍പ്പാണ് തോട്ടങ്ങളില്‍ നില്‍ക്കുന്ന, അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ച് നീക്കാന്‍ തടസമാകുന്നത്. മരം വീണ് ഓരോ വര്‍ഷവും നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും കൃത്യമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണ്.