ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുള്‍പൊട്ടല്‍ ഭീഷണിയിൽ ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖലകള്‍. ജില്ലയിൽ ഇതിനകം രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മഴക്കൊപ്പം കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വ്യാപക കൃഷിനാശവുമുണ്ടായി. മൂന്നാർ ഉദുമൽപേട്ട സംസ്ഥാനന്തര പാതയിൽ പെരിയവരൈയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി തകർന്നു.
മൂന്നാർ മേഖലയിലെ കാലവർഷക്കെടുതികൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചു. അതേ സമയം ലോറേഞ്ചിൽ അടക്കം കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അപകട ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കുവാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
അപകടസാധ്യത മുന്നിൽക്കണ്ട് 25 അംഗ എൻ.ഡി.ആർ.എഫ് സംഘം മൂന്നാർ കോളനിയിൽ ക്യാമ്പു ചെയ്യുന്നുണ്ട്. മൂന്നാര്‍ മേഖലയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപവും മൂന്നാര്‍ മറയൂര്‍ റോഡിലുമാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നാറിൽ അന്തോണിയാർ കോളനിയിലെ 35 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
ജില്ലയിൽ രാത്രിനിരോധനം തുടരും
കനത്ത മഴയെ തുടർന്ന മൂന്നാർ പൊലീസ് ക്യാന്‍റീന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള രാത്രി യാത്ര നിരോധനം തുടരും. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി.
അതേ സമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2368.90 അടിയായി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മലങ്കര, കല്ലാര്‍കുട്ടി, പാമ്പള ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 135.50 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
READ MORE: നീരൊഴുക്ക് ശക്തമായി; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടി പിന്നിട്ടു