ഇടുക്കി: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് ഇടുക്കി ജില്ലയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടു പോകരുതെന്ന് നിർദേശം. ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനാണ് തീരുമാനം. ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അനന്തരഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസ് മേധാവികളും ജീവനക്കാരും വളരെ അടിയന്തര സാഹചര്യങ്ങളില്‍ ഓഫീസ് മേധാവിയുടെ അനുമതിയോട് കൂടിയല്ലാതെ ഇനി ഒരുത്തരവുണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടു പോകുന്നതു നിരോധിച്ചതായി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പലയിടങ്ങളിലായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ചിട്ടുളള വലിയ പരസ്യ ബോര്‍ഡുകള്‍ താല്‍ക്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എച്ച്. ദിനേശന്‍ നിര്‍ദേശിച്ചു.