ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് പട്ടാപ്പകൽ അക്രമി സംഘം വീട് അടിച്ചു തകർത്തു. ഉണ്ടപ്ലാവ് രണ്ടുപാലം സ്വദേശി രവിയുടെ വീടാണ് അക്രമി സംഘം അടിച്ചു തകർത്തത്. രവിയുടെ മകൻ വിഷ്‌ണുവും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മൂന്ന് കാറുകളിലെത്തിയ 15 പേരടങ്ങുന്ന സംഘമാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്.
ടിവി, ഫ്രിഡ്‌ജ്, ജനാല ചില്ലുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയെല്ലാം അക്രമി സംഘം നശിപ്പിച്ചു. അഞ്ച് പവൻ സ്വർണവും അമ്പതിനായിരം രൂപയും നഷ്‌ടപെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. സംഘം വീട്ടിൽ എത്തിയ സമയം രവിയുടെ മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികൾ വീട്ടിലേക്ക് അതിക്രമിച്ച് കടന്നപ്പോൾ പെൺകുട്ടി പിൻവാതിൽ വഴി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെ അക്രമി സംഘം ഭീഷണിപ്പെടുത്തി.
രവിയുടെ മകൻ വടിവാൾ വിഷ്‌ണുവെന്നറിയപ്പെടുന്ന വിഷ്‌ണു രവിക്ക് നേരത്തെ ചില ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികൾക്കായി തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.
ALSO READ: സാമ്പത്തിക പ്രതിസന്ധി; ഏറ്റുമാനൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്‌തു