ഇടുക്കി: ആശംസ കാര്‍ഡുകളും കത്തുകളും വാട്സാപ്പിനും ഫേസ്ബുക്കിനും വഴിമാറിയപ്പോഴും കത്തുകളിലൂടെ സൗഹൃദം സൂക്ഷിക്കുന്ന ഒരാളുണ്ട് ഇടുക്കിയില്‍. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആന്‍റണി മുനിയറയാണ് ഹൈറേഞ്ചിലെ മുനിയറക്കുന്നിന്‍റെ മുകളിലിരുന്ന് ഇന്നും പോസ്റ്റ് കാര്‍ഡില്‍ സൗഹൃദം പങ്കുവയ്ക്കുന്നത്. കവിയും മാധ്യമ പ്രവർത്തകനുമായ ആന്‍റണി കാൽ നൂറ്റാണ്ടായി വർഷാന്ത്യത്തിൽ പ്രിയ സുഹൃത്തുക്കൾക്ക് പോസ്റ്റ് കാർഡിൽ ആശംസകള്‍ അറിയിക്കും. 2012ൽ 2012 പേർക്ക് കാർഡുകൾ എഴുതിയ ആന്‍റണി മുനിയറ ഈ ഡിസംബറിലും കാർഡുകളെഴുതുകയാണ്.
വർഷാന്ത്യത്തിൽ കിട്ടുന്ന ആന്‍റണിയുടെ തപാൽ കാർഡുകൾ സൂക്ഷിച്ചുവയ്ക്കുന്ന നിരവധി സുഹൃത്തുക്കളുണ്ട്. കാർഡിന്‍റെ ഒരു പുറത്ത് സൗഹൃദങ്ങളുടെ ഇഴയടുപ്പത്തെ ഓർമപ്പെടുത്തുന്ന ഒന്നോ രണ്ടോ വാചകങ്ങൾ മാത്രം. ഓരോന്നും വ്യത്യസ്തം. തപാലിനോടുള്ള ആത്മബന്ധം കൂടിയാണിതിന് പിന്നില്‍. എഴുത്തിന്‍റെ ആദ്യകാല വഴികളിൽ തനിക്കു മേൽവിലാസമുണ്ടാക്കി തന്ന തപാലിനെ മറക്കാൻ കഴിയില്ല. തപാൽ ഉരുപ്പടികൾക്കായി കാത്തിരുന്ന കാലം. കവിതകളെഴുതി മുനിയറ പോസ്റ്റ് ഓഫീസിൽ നിന്നുമാണ് അയച്ചിരുന്നത്.
കേരള സാഹിത്യഅക്കാദമിയിൽ റിസേർച്ച് സ്കോളറായിരുന്നു ആന്‍റണി. 'പ്രണയവും മൃത്യുബോധവും മലയാള കവിതയിൽ' എന്ന കൃതി അക്കാദമി പുസ്‌തകമായി പ്രസിദ്ധീകരിച്ചു. ഇത് കൂടാതെ ഒമ്പതു കവിതാ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുരുത്തോല, രാത്രിവണ്ടി, മുനിയറ നുറുങ്ങുകൾ, വെളിപാട്, പ്രണയസ്തവം, അത്താഴം, ചൂരൽ, മഴ കുടയോടു പറഞ്ഞത്, നിലത്തെഴുത്ത് എന്നിവയാണ് കൃതികൾ. 20 വർഷക്കാലം അധ്യാപകനായിരുന്നു. ഇപ്പോൾ ആകാശവാണിയുടെയും ദൂരദർശന്‍റെയും ഇടുക്കി ജില്ലാ പ്രതിനിധിയായി പ്രവർത്തിക്കുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തും എഴുത്തിന്‍റെ വഴികളിലും നിരവധി പുരസ്കാരങ്ങളും ആന്‍റണിയെ തേടിയെത്തിയിട്ടുണ്ട്.