ഇടുക്കി : ഇടുക്കി രാജകുമാരിയിൽ കാണാതായ നാല് വയസുകാരിയെ 18 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഒരു കിലോമീറ്റർ അകലെയുള്ള ഏലത്തോട്ടത്തിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ-ജ്യോതി ദമ്പതികളുടെ മകൾ ജെസീക്കയെ ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് കാണാതായത്.
രാജകുമാരിയിലെ കൊങ്ങിണി സിറ്റിയിലെ ദുരൈ എസ്റ്റേറ്റിലെ തൊഴിലാളികളായ മാതാപിതാക്കൾ കുട്ടിയുടെ കൈയിൽ ഫോൺ നൽകിയ ശേഷം കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്. ഒപ്പം ജോലി ചെയ്‌തിരുന്നവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടർന്ന് ശാന്തൻപാറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം, മൂന്നാർ, അടിമാലി മേഖലകളിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും, മൂന്നാർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, പ്രദേശവാസികളായ മുന്നൂറോളം പേരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് ഇന്ന് പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ കുട്ടിയെ കാണാതായ സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ എലത്തോട്ടത്തില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവിടെ ജോലിക്കെത്തിയ തൊഴിലാളികളാണ് കുട്ടിയെ കണ്ടത്. തുടർന്ന് രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
ആരോഗ്യനില തൃപ്‌തികരമാണ്. കുട്ടിയെ വിദഗ്‌ധ പരിശോധനയ്‌ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.