ഇടുക്കി: പാഞ്ഞടുക്കുന്ന കാട്ടുകൊമ്പനെ പോലും വരുതിയില്‍ നിര്‍ത്തി ശാസിച്ച് കാടുകയറ്റിയിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വാച്ചര്‍. ഏത് പാതിരാത്രിയിലും ജനങ്ങള്‍ സുരക്ഷിതരായി ഉറങ്ങാന്‍ കാവല്‍ നിന്നിരുന്ന ശക്തിവേല്‍ ഒടുവില്‍ കാട്ടാന കലിയില്‍ യാത്രയായപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്‌ടപ്പെട്ടത് പ്രിയപ്പെട്ട കാവല്‍ക്കാരനെ ആണെങ്കില്‍ അനാഥമായത് ഒരു കുടുംബമാണ്. നാല് പെണ്‍മക്കള്‍, ഭാര്യ, പ്രായമായ അമ്മ ഇവര്‍ക്കെല്ലാം ഏക ആശ്രയം ശക്തിവേലായിരുന്നു.
എന്നാല്‍ കാട്ടാന ശക്തിവേലിന്‍റെ ജീവനെടുത്തപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. സഹായിക്കണമെന്ന അപേക്ഷയാണ് ഈ അമ്മ സര്‍ക്കാരിന് മുന്നില്‍ വയ്ക്കുന്നത്. നാല് പെണ്‍മക്കളില്‍ ഒരാള്‍ക്കെങ്കിലും ഒരു ജോലി നല്‍കണമെന്നതാണ് ഈ കുടുംബത്തിന്‍റെ ആവശ്യം.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ശക്തിവേലിന്‍റെ മരണം ഇടുക്കിയില്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചു. മനുഷ്യ, വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ പരിഹാരമാകാതിരുന്ന പല കാര്യങ്ങളിലും അതി വേഗത്തില്‍ അധികൃതര്‍ ഇടപെട്ടു. തുടര്‍ നടപടികള്‍ക്കായി യോഗങ്ങള്‍ ചേര്‍ന്നു.
എന്നാല്‍ നഷ്‌ടപരിഹാര തുക പ്രഖ്യാപിച്ച് ആദ്യ ഘട്ട തുക നല്‍കിയത് കൊണ്ട് മാത്രം ഈ കുടുംബത്തോടുള്ള ബാധ്യത സര്‍ക്കാരിന് പൂര്‍ണമായും അവസാനിപ്പിക്കാൻ സാധിക്കില്ല. അനാഥമായ ശക്തിവേലിന്‍റെ കുടുംബത്ത സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പിന് ഉണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
സഹായമെത്തിച്ച് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ്: അതേസമയം ശക്തിവേലിന്‍റെ കുടുംബത്തിന് സഹായവുമായി ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ് രംഗത്ത് വന്നു. സര്‍ക്കാര്‍ ശക്തിവേലിന്‍റെ കുടംബത്തിന് പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തമാണെന്ന് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ് നേതാക്കള്‍ ആരോപിച്ചു. വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റിന്‍റെ ആവശ്യം.
അക്രമകാരികളായ കാട്ടാനകളെ പ്രദേശത്ത് നിന്ന് പിടിച്ച് മറ്റൊരു താവളത്തിലേക്ക് മാറ്റണമെന്നും ഇനിയും അപകടങ്ങള്‍ ഉണ്ടായാല്‍ ജനപ്രതിനിധികളുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇനിയൊരു മനുഷ്യജീവന്‍ നഷ്‌ടപ്പെടാന്‍ പാടില്ലെന്നും സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ശക്തിവേലിന്‍റെ വീട്ടിൽ നേരിട്ടെത്തിയാണ് ലാന്‍ഡ് ഫ്രീഡം നേതാക്കള്‍ കുടുംബത്തിന് ധനസാഹയം നല്‍കിയത്. ഭൂവിഷയങ്ങള്‍ക്കൊപ്പം വന്യ ജീവി ആക്രമണങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്‍റ്.
സിപിഎം മാര്‍ച്ചിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്: ഇന്നലെ ശാന്തന്‍പാറ ഫോറസ്റ്റ് ഓഫിസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു. രാഷ്‌ട്രീയ മുതലെടുപ്പിനും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുമാണ് സിപിഎം ഇന്നലെ മാർച്ച് നടത്തിയത് എന്നും ഇടതുപക്ഷ മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള വിഭാഗീയത മൂലമാണ് സിപിഎം സമരത്തിന് നേതൃത്വം നൽകിയത് എന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെ എസ് അരുണ്‍ ആരോപിച്ചു. കാട്ടാന വിഷയത്തിൽ പരിഹാരം കാണുന്നതിന് സിപിഎം മാർച്ച് നടത്തേണ്ടത് ഫോറസ്റ്റ് ഓഫിസിലേക്കല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍റെയും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെയും വസതിയിലേക്കാണെന്നും കെ എസ് അരുൺ പറഞ്ഞു.
31-ാം തീയതിക്കുള്ളിൽ ഒരു സംഘടനയും സമരം നടത്തേണ്ടതില്ലെന്നും പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നും വാച്ചര്‍ ശക്തിവേലിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ സമരം ഒത്തുതീർപ്പാക്കി കൊണ്ട് എംഎൽഎമാരായ എം എം മണിയും എ രാജയും ഉറപ്പ് നൽകിയ സാഹചര്യത്തില്‍ സിപിഎം നടത്തിയ ഫോറസ്റ്റ് ഓഫിസ് മാർച്ച് രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. പരിഹാരം ഉടനെ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കെ എസ് അരുണ്‍ വ്യക്തമാക്കി.