ഇടുക്കി: ഇടുക്കിയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗബാധിതനെന്ന് കണ്ടെത്തിയ പൊതുപ്രവർത്തകനിൽ നിന്നും നാല് പേർക്കും നിസാമുദീനിലെ തബ്‌ലീഗിൽ പങ്കെടുത്ത ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതർ പത്തായി. പൊതുപ്രവർത്തകനുമായി ഇടപഴകിയ ബൈസൻവാലിയിലെ ഏകാധ്യാപികയുടെ ഏഴ് വയസുള്ള മകന് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. കൂടാതെ, പൊതുപ്രവർത്തകന്‍റെ നാട്ടുകാരനായ ചുരുളി സ്വദേശിയുടെ അമ്മ (70), ഭാര്യ (35), മകൻ (10) എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത തൊടുപുഴ സ്വദേശി (58)ക്കും കൊവിഡുണ്ട്.
ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ മൂന്നാമത്തെയാളായിരുന്നു പൊതുപ്രവർത്തകൻ. ഇയാളിൽ നിന്നും ആറ് പേർക്കാണ് ജില്ലയിൽ രോഗം പടർന്നിരിക്കുന്നത്. അതേ സമയം, ഇടുക്കിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2836 ആയി. ഇതിൽ ഏഴു പേർ ആശുപത്രികളിലും 2829 പേർ വീടുകളിലുമാണ് കഴിയുന്നത്.