ഇടുക്കി: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടുക്കി നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിൽ സാനിറ്റൈസേഷൻ ബൂത്തുകൾ സ്ഥാപിച്ച് ഭരണസമിതി.കേരള തമിഴ്നാട് അതിർത്തി പഞ്ചായത്തായ നെടുങ്കണ്ടത്ത് റിപ്പോർട്ട് ചെയ്ത 94 ശതമാനം കേസുകളും പ്രാദേശിക സമ്പർക്കത്തിലൂടെയെന്ന കണ്ടത്തലിനെ തുടർന്നാണ് പദ്ധതി നടപ്പാക്കൽ.
കേരളത്തിലെ ആദ്യ സാനിറ്റൈസേഷന്‍ ബൂത്ത്
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരം പദ്ധതിയുമായ് രംഗത്തു വരുന്നത്. അതിർത്തി പഞ്ചായത്തായതിനാൽ പ്രത്യേക ബോധവത്കരണ പരിപാടികളുൾപ്പടെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ വ്യാപനം രൂക്ഷമായി. തുടർന്ന് പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു.
എല്ലാ സ്ഥാപനങ്ങളിലും കൈകഴുകുവാന്‍ വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവ വെച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതോടെ പലയിടങ്ങളിലും ഇവ അപ്രത്യക്ഷമായി. പ്രാദേശിക സമ്പർക്കത്തിന് ഇത് ഇടയാക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സാനിറ്റൈസർ ബൂത്ത് പദ്ധതി നടപ്പാക്കുവാൻ ഭരണ സമിതി തീരുമാനിച്ചത്.
ഓരോ ബൂത്തിനും ചെലവ് ആറായിരം രൂപ
ആദ്യഘട്ടത്തിൽ 10 ബൂത്തുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ ജനവാസ മേഖലകളിലും ബൂത്തുകൾ സ്ഥാപിക്കും.കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ കാലുകൊണ്ട് ചിവിട്ടി സാനിറ്റൈസര്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് കയറി നില്‍ക്കുവാന്‍ സൗകര്യമുള്ള ബൂത്തിൽ കൊവിഡ് മുന്‍കരുതലുകളെക്കുറിച്ച് ചെറിയ വിവരണവും അലേഘനം ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പഞ്ചായത്തിൽ വ്യാപകമായ് സാനിറ്റൈസർ ബൂത്തുകൾ സ്ഥാപിക്കുന്നത്.ആറായിരം രൂപയാണ് ഓരോ ബൂത്തിനും ചെലവ്.