ഇടുക്കി: ഇടുക്കിയില്‍ തന്നാണ്ട് വിളകള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ ദുരിതത്തില്‍. കൊവിഡ് പ്രതിസന്ധികാരണം ചേന, ചേമ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാത്തതിനാൽ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശബരിമല സീസണ്‍ പ്രതീക്ഷിച്ചാണ് ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ തന്നാണ്ട് വിളകള്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ പ്രധാനമായും ഉത്പാദിപ്പിച്ചിരുന്നത്. അയ്യപ്പ ഭക്തന്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലേക്ക് ഇവിടെ നിന്നും ടണ്‍ കണക്കിന് ഉത്പന്നങ്ങള്‍ കൊണ്ടു പോയിരുന്നു. സംസ്ഥാനത്തെ മറ്റ് മേഖകളിലേക്കും ഹൈറേഞ്ചിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ധാരാളമായി എത്തിച്ചിരുന്നു.
എന്നാൽ ലോക്ക്ഡൗണ്‍ ആയതോടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള വിപണനം പൂര്‍ണമായും നിലച്ചു. കര്‍ഷകരില്‍ നിന്നും തന്നാണ്ട് വിളകള്‍ ശേഖരിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കച്ചവട സ്ഥാപനങ്ങൾ പലപ്പോഴും അടഞ്ഞ് കിടന്നതിനാല്‍ കുറഞ്ഞ വിലക്കും ലോഡ് കയറ്റി അയക്കാന്‍ സാധിച്ചില്ല.
ALSO READ: പോസ്റ്റ് ഓഫിസ് ബാങ്കിന്‍റെ ഡോർസ്റ്റെപ്പ് സേവനങ്ങൾക്ക് ഇനി ചാർജ് ഇടാക്കും
ഇതോടെ വ്യാപാരികൾ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച ചേന, ചേമ്പ് ഇഞ്ചി തുടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗ ശൂന്യമായി. കിലോക്കണക്കിന് ഉത്പന്നങ്ങള്‍ ഇതോടെ കുഴിച്ച് മൂടേണ്ട അവസ്ഥയിലാണ്. ഇടവിളയായാണ് തന്നാണ്ട് വിളകള്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ കൃഷി ചെയ്തിരുന്നത്.
പ്രധാന വിളകള്‍ക്ക് വിലയിടിവ് ഉണ്ടാകുമ്പോഴും ഇത്തരം വിളകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കര്‍ഷകര്‍ക്ക് ആശ്വാസകരമായിരുന്നു. വില കുറഞ്ഞതോടെ കര്‍ഷകര്‍ ഇപ്പോള്‍ തന്നാണ്ട് വിളകളുമായി സ്ഥാപനങ്ങളിലേക്ക് എത്താറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.