ഇടുക്കി: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അടിമാലി ഫ്ലാറ്റ് സമുച്ചയത്തിലെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. മാലിന്യ സംസ്‌ക്കരണത്തിലെ അശാസ്ത്രീയത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടികാണിച്ചാണ് പ്രതിഷേധം. ശുചിമുറി മാലിന്യവും അളുക്കളമാലിന്യവും കൃത്യമായി സംസ്‌ക്കരിക്കപ്പെടാത്തതിനാല്‍ മുറികള്‍ക്കുള്ളില്‍ അസഹനീയ ദുര്‍ഗന്ധമാണെന്ന് കുടുംബങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം മാലിന്യങ്ങള്‍ ശേഖരിക്കുന്ന ടാങ്കിലെ മോട്ടോര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ടാങ്കുകള്‍ നിറഞ്ഞൊഴുകുകയും അസഹനീയ ദുര്‍ഗന്ധം പരക്കുകയും ചെയ്തിരുന്നു. പലപ്പോഴും ശുചിമുറിക്കുള്ളിലും വാഷ് ബെയ്സിനിവും മലിന ജലം നിറഞ്ഞ് കിടക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടെന്നും ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ നിര്‍മ്മിച്ചിട്ടുള്ള പ്ലാന്റിന് സമീപത്തും അസഹനീയ ദുര്‍ഗന്ധമാണെന്നും കുടുംബങ്ങള്‍ പരാതിപ്പെടുന്നു. തീപിടുത്തമുണ്ടായാല്‍ ഫ്ലാറ്റിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ സ്ഥാപിച്ചിട്ടുള്ള അഗ്നിരക്ഷാ സംവിധാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.