ഇടുക്കി: കാട്ടിറച്ചി കൈവശം വച്ചുവെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് വ്യാഴാഴ്‌ച (ഡിസംബര്‍ 15) കീഴടങ്ങിയത്. മുട്ടത്തെ ഡിസ്ട്രിക്‌ട് ആൻഡ് സെക്ഷൻ കോടതിയിൽ കീഴടങ്ങിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വഴിത്തിരിവായി എസ്‌സി എസ്‌ടി കമ്മിഷന്‍റെ ഇടപെടല്‍: ഇക്കഴിഞ്ഞ സെപ്റ്റംബർ 20നാണ് കേസിനാസ്‌പദമായ സംഭവം. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ച് സരുൺ സജിയെ കിഴുക്കാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽ കുമാറും സംഘവുമാണ് അറസ്റ്റുചെയ്‌തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി, എസ്‌സി എസ്‌ടി കമ്മിഷന് പരാതി നൽകിയതാണ് വഴിത്തിരിവായത്.
ALSO READ| ആദിവാസി യുവാവിനെതിരെ കള്ളക്കേസ്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
കുമളിയിൽ നടന്ന സിറ്റിങ്ങില്‍ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അധ്യക്ഷൻ വിഎസ് മാവോജി പൊലീസിന് നിർദേശം നൽകി. കേസ് കെട്ടിച്ചമച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഉപ്പുതറ പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫോറസ്റ്റർ അനിൽകുമാറാണ് ഒന്നാം പ്രതി. വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ അടക്കം കേസുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്.