ഇടുക്കി: കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതിർത്തി കടന്ന് ലഹരി മരുന്നുകൾ എത്താൻ സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജൻസ് റിപ്പോർട്ട്. ഹൈറേഞ്ചിലെ കേരള-തമിഴ്‌നാട് അതിർത്തി മേഖലകളിൽ സ്ട്രൈക്കിങ് ഫോഴ്‌സ് പരിശോധന ആരംഭിച്ചു.
Read more: അനധികൃത മദ്യവിൽപന നടത്തിയ പ്രതി പിടിയിൽ
മദ്യശാലകൾ അടഞ്ഞതോടെ ഹൈറേഞ്ച് മേഖലയിൽ വ്യാജമദ്യ കേസുകൾ ദിനംപ്രതി വർധിയ്ക്കുകയാണ്. നെടുങ്കണ്ടത്തെ എക്സൈസ് റേഞ്ച്, സർക്കിൾ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പ്രധാനമായും പരിശോധനകൾ നടക്കുന്നത്. ഇതിന് പുറമെയാണ് അതിർത്തി മേഖലകളിൽ പരിശോധനയ്ക്കായി സ്ട്രൈക്കിങ് ഫോഴ്‌സിനെ നിയോഗിച്ചത്. അണക്കര മുതൽ ചിന്നക്കനാൽ വരെ 24 മണിക്കൂർ പെട്രോളിങാണ് നടത്തുന്നത്. രാമക്കൽമേട്, കമ്പം മേട്, തേവാരം മേട്, ചതുരംഗപ്പാറ, ഉടുമ്പൻചോല, ശാന്തൻപാറ, പൂപ്പാറ, ബോബി മെട്ട്, ചിന്നക്കനാൽ എന്നിവിടങ്ങളിൽ സ്ട്രൈക്കിങ് ഫോഴ്‌സിന് പുറമെ പോലീസും പരിശോധന നടത്തുന്നുണ്ട്.
Also read: തലശ്ശേരിയിൽ നിന്ന് ഗോവൻ മദ്യം പിടികൂടി
അതിർത്തിയിലെ മലഞ്ചെരിവുകളിൽ വ്യാജവാറ്റ് നടക്കുന്നതായും കഞ്ചാവ് കടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. സ്ട്രൈക്കിങ് ഫോഴ്‌സിന്‍റെ പരിശോധന രണ്ട് ആഴ്‌ച തുടരും. ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം മേഖലയിൽ നിന്നും 4000 ലിറ്ററിലധികം കോടയും ചാരായവും വാറ്റുപകരണങ്ങളും വിദേശമദ്യവും ഇതുവരെ പിടികൂടിയിട്ടുണ്ട്.