ഇടുക്കി : ഇഎസ്ഐ ആശുപത്രികള്‍ വഴിയുള്ള റീ ഇംബേഴ്സ്മെന്‍റ് ക്ലെയിമുകള്‍ ഇടുക്കിയിലെ സാധാരണക്കാര്‍ക്ക് നഷ്‌ടമാകുന്നു. ക്ലെയിമിനായി ഒപി ടിക്കറ്റ് നിര്‍ബന്ധമാക്കിയും ഒ പി ടിക്കറ്റില്‍ തന്നെ ഡോക്‌ടര്‍ മരുന്നുകള്‍ എഴുതണമെന്നുമുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്‌ടറേറ്റിന്‍റെ സര്‍ക്കുലര്‍ എത്തിയതാണ് പ്രതിസന്ധിക്ക് കാരണം (ESI Claim crisis in Idukki). ഇഎസ്ഐ ഡിസ്‌പെന്‍സറികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതും സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിയ്ക്കുന്നു (ESI hospitals medicine shortage Idukki).
മുൻകാലങ്ങളിൽ ഇഎസ്ഐ പദ്ധതിയില്‍ അംഗമായിട്ടുള്ള രോഗികള്‍ക്ക് അതാത് ജില്ലയിലെ ഡിസ്‌പെന്‍സറികളില്‍ നിന്നും കുറിച്ച് നല്‍കുന്ന മരുന്ന് ഡിസ്‌പെന്‍സറിയില്‍ ഇല്ലെങ്കില്‍ പുറത്ത് നിന്ന് വാങ്ങി ബില്‍ നല്‍കിയാല്‍ ആ തുക ലഭിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് നിന്ന് വാങ്ങുന്ന മരുന്നുകളുടെ തുക ക്ലെയിം ചെയ്യണമെങ്കില്‍ ഇഎസ്ഐ ആശുപത്രിയില്‍ നേരിട്ടെത്തി ഒ പി ടിക്കറ്റ് എടുത്ത് ഇതേ ഒ പി ടിക്കറ്റില്‍ ഫിസിഷ്യന്‍ മരുന്നെഴുതി നല്‍കുകയും ഇതുമായി അതാത് ജില്ലകളിലെ ഡിസ്‌പെന്‍സറികളില്‍ എത്തി അവിടെയും ഡോക്‌ടറെ കാണിക്കുകയും വേണം.
ഡിസ്‌പെന്‍സറികളില്‍ ഇല്ലാത്ത മരുന്ന് ഡോക്‌ടര്‍ പുറത്തേയ്ക്ക് കുറിച്ച് നല്‍കിയെങ്കിൽ വാങ്ങിയതിന്‍റെ ബില്‍ ഒ പി ടിക്കറ്റിനോടൊപ്പം ക്ലെയിം ചെയ്യുകയും വേണം. കഴിഞ്ഞ വർഷം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്‌ടറേറ്റ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിൽ ഇടുക്കിയിലെ തോട്ടം തൊഴിലാളികളടക്കമുള്ളവർ മരുന്ന് വാങ്ങണമെങ്കില്‍ കൊച്ചിയിലുള്ള ഇഎസ്ഐ ആശുപപത്രിയെ ആശ്രയിക്കണം. തുശ്ചമായ രൂപ ക്ലെയിം ലഭിയ്ക്കാനായി ആയിരം രൂപയിലധികം ചെലവഴിച്ച് ഒരു ദിവസം യാത്ര ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ.
ഇഎസ്ഐ ഡിസ്‌പെന്‍സറികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ മിക്ക മരുന്നുകളും പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇടുക്കിയിലെ ഡിസ്‌പെന്‍സറികളില്‍ മരുന്നുകള്‍ എത്തിക്കുന്നതിനൊപ്പം നിലവിലെ മാനദണ്ഡം മാറ്റി മുമ്പ് ഉണ്ടിയിരുന്നത് പോലെ ഡിസ്‌പെന്‍സറികളിലെ ഡോക്‌ടര്‍മാരില്‍ നിന്നും പ്രിസ്‌ക്രിപ്ഷന്‍ വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണം എന്നാണ് ആവശ്യം.