ഇടുക്കി: വരയാടുകളുടെ പറുദീസയായ ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കും. 100ലധികം വരയാടിന്‍ കുഞ്ഞുങ്ങളാണ് സന്ദര്‍ശകരെ കാത്ത് ദേശീയോദ്യാനത്തിലുള്ളത്. ഓണ്‍ലൈനില്‍ ബുക്കിങ് വഴിയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിയ്ക്കുന്നത്.
വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടര്‍ന്നുള്ള രണ്ടുമാസക്കാലം സഞ്ചാരികള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. ടൂറിസം സോണായ രാജമലയില്‍ 100ലധികം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായി റേഞ്ച് ഓഫിസര്‍ ജോബ് ജെ നേര്യാംപറമ്പില്‍ പറഞ്ഞു.
സഞ്ചാരികളുടെ സൗകര്യാര്‍ഥം അവര്‍ താമസിക്കുന്ന മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ ഏപ്രില്‍ ഒന്നിന് മുന്‍പ് സ്ഥാപിയ്ക്കും. മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യൂ ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിയ്ക്കുന്നത്. സഞ്ചാരികള്‍ക്ക് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് മുന്‍കൂറായി ബുക്ക് ചെയ്യാം.
Also read: ഏതുനിമിഷവും നിലംപൊത്താം ; അധികൃതരുടെ കനിവുകാത്ത് തകർന്ന വീട്ടിൽ ജീവൻ പണയംവെച്ച് ഒരു കുടുംബം
ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌ത ശേഷം ലഭിയ്ക്കുന്ന സന്ദേശത്തില്‍ നല്‍കിയിരിയ്ക്കുന്ന സമയത്ത് പ്രവേശന കവാടമായ അഞ്ചാംമൈലിലെത്തി വനംവകുപ്പ് തയ്യാറാക്കിയിട്ടുള്ള വാഹനത്തില്‍ കയറി രാജമലയിലെത്താം. ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ശബ്‌ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്‍റെ വിവരങ്ങള്‍, ലഭിയ്ക്കുന്ന സേവനങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയെ കുറിച്ച് മനസിലാക്കാം. വിദേശികള്‍ക്ക് 500 ഉം സ്വദേശികള്‍ക്ക് 200 ഉം രൂപയാണ് പ്രവേശന ഫീസ്.
അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരിയ്ക്കുന്ന മറയൂര്‍ റോഡിലെ ലക്കം വെള്ളച്ചാട്ടവും ഏപ്രില്‍ ഒന്നിന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി വിനോദ് പറഞ്ഞു. വെള്ളച്ചാട്ടത്തില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങള്‍, ശുചി മുറികള്‍, ഭക്ഷണശാല എന്നീ സംവിധാനങ്ങള്‍ ഇവിടെ പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജമല സന്ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ അഡ്രസ്:www.eravikulamnationalpark.in