ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കെഎസ്ഇബിക്ക് കരാർ കേന്ദ്ര സർക്കാർ സ്ഥാപനവുമായാണെന്നും അദാനിയുമായി ഒരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഒന്നും തന്നെ ഒളിക്കാനില്ലെന്നും എല്ലാ വിവരങ്ങളും വൈദ്യുതി വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്‍റെ സമനില തെറ്റിയെന്നും പറയുന്നതെല്ലാം വിഡ്ഢിത്തരമാണെന്നും എം.എം. മണി പരിഹസിച്ചു.
കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഉണ്ടാക്കിയ നഷ്‌ടങ്ങൾ പേറുകയാണ് ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം തിരിച്ചടിച്ചു. പ്രളയം മനുഷ്യനിർമിതമാണെന്ന ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ആരോപണത്തെയും മന്ത്രി പരിഹസിച്ചു. സാമാന്യ ബോധമുള്ളവരാരും ഇങ്ങനെ പറയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആര് എന്ത് വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും എം.എം. മണി ഇടുക്കിയിൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് കൈയിട്ട് വാരാന്‍ അദാനിക്ക് സൗകര്യമുണ്ടാക്കിക്കൊടുത്തിരിക്കുന്നത് പിണറായി സര്‍ക്കാരാണെന്നും ഇതിന് കൂട്ടായി ഇടതുപക്ഷത്തിന്‍റെ പുതിയ സഖ്യകക്ഷികളായ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമുണ്ടെന്നും ആരോപിച്ച് ചെന്നിത്തല ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു.