ഇടുക്കി : ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പരിശോധന കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൂന്നാറിൽ ഡ്രോണ്‍ പരിശോധന നടന്നു. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുവാനാണ് മൂന്നാർ പോലീസിനൊപ്പം റവന്യു വിഭാഗവും ചേർന്ന് ഡ്രോണ്‍ പരിശോധന നടത്തിയത്. ലോക്ക് ഡൗണ്‍ അവസാനിക്കുവാൻ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ മൂന്നാര്‍ മേഖലയില്‍ ശക്തമായ പരിശോധനകള്‍ തുടരുകയാണ്.
വരും ദിവസങ്ങളില്‍ പരിശോധന കൂടുതൽ കര്‍ശനമാക്കുമെന്ന് സബ്‌കലക്ടർ പ്രേംകൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ സംഘം ചേരുന്നതും പുറത്തിറങ്ങുന്നതും നിയന്ത്രിക്കുന്നതിനൊപ്പം അനധികൃത നിര്‍മ്മാണ ജോലികള്‍ നടക്കുന്നുണ്ടോ എന്നും ഡ്രോണ്‍ പരിശോധന വഴി വ്യക്തമാകും. തമിഴ്‌നാട്ടില്‍ വലിയ തോതില്‍ കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൂന്നാറടക്കമുള്ള അതിര്‍ത്തി മേഖലകളില്‍ പരിശോധനയും നിരീക്ഷണവും ശക്തമായി തന്നെ തുടരും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താന്‍ തന്നെയാണ് റവന്യൂ സംഘത്തിന്‍റെ തീരുമാനമെന്ന് സബ്‌കലക്ടർ പറഞ്ഞു.