ഇടുക്കി: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലിയിൽ പൊതുയോഗങ്ങൾക്കും പൊതു പരിപാടികൾക്കും നിരോധനം ഏർപെടുത്തി. അതിർത്തി കടന്ന് ജില്ലയിലേക്കെത്തുന്നവർ നിർബന്ധ കൊവിഡ് പരിശോധന നടത്തണം. അതിന്‍റെ ഭാഗമായി കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ആന്‍റിജന്‍ പരിശോധനയ്ക്കുളള സൗകര്യങ്ങൾ ഒരുക്കി. ഒരു ദിവസം 3200 പേരെ പരിശോധിക്കുന്ന രീതിയിലാണ് ക്രമീകരണം. പരിശോധന ഫലം നെഗറ്റീവ് ആവുന്നവരെ മാത്രമേ അതിർത്തി കടക്കാൻ അനുവദിക്കു.
കൂടാതെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണവും ശക്തമാക്കാനും തീരുമാനിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ അടിയന്തര ദുരന്തനിവാരണ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ രണ്ടുദിവസത്തിനകം പതിനായിരം കൊവിഡ് ടെസ്റ്റുകള്‍ നടത്തുമെന്നും ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു.
ജില്ലയിൽ കൊവിഡ് വാക്സിന് ലഭ്യതാ പ്രശ്നമില്ല. നിലവിൽ വാക്സിൻ സ്‌റ്റോക്ക് ഉണ്ടെന്നും പ്രധാന പ്രതിരോധ മാർഗ്ഗമായി കൊവിഡ് വാക്സിൻ പ്രയോജനപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു. കല്യാണം, ഗൃഹപ്രവേശം, മരണം, മറ്റു മതപരമായ ചടങ്ങുകള്‍ തുടങ്ങിയ ചടങ്ങുകള്‍ സംബന്ധിച്ച വിവരം തൊട്ട് അടുത്ത പൊലീസ് സ്‌റ്റേഷനില്‍ മുന്‍കൂറായി അറിയിക്കണം. അറിയിക്കാത്ത സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്‌ടർ വ്യക്തമാക്കി. കൂടാതെ ചടങ്ങുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുകയും വേണമെന്ന് കലക്ടർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.