ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തോട്ടം മേഖലയും കാര്‍ഷിക മേഖലയും ആദിവാസി മേഖലയും വിധിയെഴുതി. ഇടമലക്കുടിയില്‍ ഉള്‍പ്പടെ മണ്ഡലത്തില്‍ 254 ബൂത്തുകളായിരുന്നു പോളിങ്ങിനായി ക്രമീകരിച്ചിരുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടിങ് ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്നുവെങ്കിലും പിന്നീട് വേഗത കൈവരിച്ചു. മണ്ഡലത്തില്‍ എവിടെയും ക്രമസമാധാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് കേന്ദ്രങ്ങളിൽ പൊലീസിന്‍റെയും സായുധ സേനയുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു. മണ്ഡലത്തിലെ വരണാധികാരിയും ദേവികുളം സബ് കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ വിവിധ പോളിങ് കേന്ദ്രങ്ങളിലെത്തി സ്ഥിതി വിലയിരുത്തി. ഇരട്ട വോട്ട് തടയാനായി പോളിങ് കേന്ദ്രങ്ങളിലൊക്കെയും കര്‍ശന ജാഗ്രതയും നിരീക്ഷണവും ബന്ധപ്പെട്ട വകുപ്പുകള്‍ പുലര്‍ത്തിയിരുന്നു. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
കൊവിഡ് ആശങ്ക കണക്കിലെടുത്ത് സാനിറ്റേഷൻ സൗകര്യവും പോളിങ് കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. 1,69309 വോട്ടര്‍മാരാണ് ദേവികുളം മണ്ഡലത്തില്‍ ഉളള്ളത്. 83400 പുരുഷ വോട്ടര്‍മാരും 85908 വനിതാ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയില്‍ നിന്നും ബുധനാഴ്‌ച മാത്രമെ പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാറില്‍ തിരികെ എത്തുകയുള്ളൂ.