ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മാസം ഗുണ്ടകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് അക്രമിക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഉള്‍ഗ്രാമ പ്രദേശമായ ചിന്നക്കനാലില്‍ ഒരു പൊലീസ് സ്റ്റേഷനോ എയിഡ് പോസ്റ്റോ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. അക്രമ സംഭവമുണ്ടായാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് ശാന്തന്‍പാറ പൊലീസ് ഇവിടെയെത്തുന്നത്.
കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളും ഗുണ്ടാ സംഘങ്ങളുമടക്കം ഇവിടെ താവളമാക്കിയിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനോ താല്‍ക്കാലിക എയിഡ് പോസ്റ്റോ പ്രവര്‍ത്തിക്കുന്നതിന് കെട്ടിടമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്ത് തയ്യാറായിട്ടും സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ലെന്നും പ്രദേശവാസികള്‍ ആക്ഷേപമുന്നയിച്ചു.