ഇടുക്കി : ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ അധികൃതര്‍ പിടികൂടിയില്ലെങ്കിൽ അവയെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസി സി പ്രസിഡന്‍റ് സി പി മാത്യു. ആനകളുടെ നെറ്റിക്ക് വെടിവയ്‌ക്കാനറിയാവുന്നവർ തമിഴ്‌നാട്ടിലും കർണാടകയിലുമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സിപി മാത്യു പൂപ്പാറയിൽ പറഞ്ഞു.
കാട്ടാന വിഷയത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് ദിവസമായി പൂപ്പാറയിൽ നിരാഹാര സമരം തുടരുകയാണ്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണാണ് നിരാഹാരം കിടക്കുന്നത്. ഇതിനിടെ ദൗത്യസംഘം അടക്കം ഇടുക്കിയിലെത്തിയെങ്കിലും ചർച്ചകൾ മാത്രമാണ് ഉണ്ടാകുന്നതെന്നും നടപടിയിലേക്ക് കടക്കുന്നില്ലെന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു.
ഇതോടൊപ്പമാണ് കാട്ടാനകൾ ഇനിയും ശല്യമുണ്ടാക്കിയാൽ ആനകളെ വെടിവച്ചുകൊല്ലും എന്ന ഭീഷണിയുമായി ഇടുക്കി ഡി സി സി പ്രസിഡന്‍റ് സി പി മാത്യു രംഗത്ത് എത്തിയത്. തമിഴ്‌നാട്ടിലും കർണാടകയിലും ആനയുടെ നെറ്റിക്ക് വെടിവയ്‌ക്കുന്ന സുഹൃത്തുക്കൾ തനിക്കുണ്ട്. അവരെ കൊണ്ടുവന്ന് നിയമവിരുദ്ധമായിട്ടാണെങ്കിലും കാട്ടാനകളെ വെടിവയ്‌ക്കുമെന്നും സിപി മാത്യു പറഞ്ഞു.
ദൗത്യസംഘം എത്തി ആനകളെ പിടികൂടുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചുവെങ്കിലും ഡിസിസിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം തുടരാനാണ് തീരുമാനം. ആനകളെ മേഖലയിൽ നിന്ന് മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരുമെന്നും ഡിസിസി പ്രസിഡന്‍റ് സി പി മാത്യു പറഞ്ഞു.