ഇടുക്കി : കൊലപാതക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ച സിപിഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന് മറുപടിയുമായി സിപിഎം ജില്ല സെക്രട്ടറി സി.വി വര്‍ഗീസ്. മുന്‍മന്ത്രി എം.എം മണിയെ പൊലീസ് അറസ്റ്റ് ചെയ്‌തപ്പോള്‍ അര്‍ഹതപ്പെട്ടതാണെന്ന് പ്രതികരിച്ചയാളാണ് കെ.കെ ശിവരാമന്‍. ഇടതുപക്ഷം ഒന്നിച്ച് നിന്ന് പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ എന്ത് വ്യത്യാസമെന്ന കെ.കെ ശിവരാമന്‍റെ ചോദ്യത്തിന് സി.വി വര്‍ഗീസ് മറുപടി നല്‍കി. കൊലപാതകത്തിലൂടെയാണ് സിപിഎം മറുപടി പറയുന്നതെന്നാണ് കെ.കെ ശിവരാമന്‍റെ ആരോപണം. എന്നാല്‍ ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി ബസില്‍ രക്ഷപ്പെട്ടപ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയതാണെന്ന് സി.വി വര്‍ഗീസ് ഓര്‍മിപ്പിച്ചു.
Also read: ഇടുക്കിയില്‍ തട്ടുകടയിലെ തർക്കത്തെ തുടര്‍ന്ന് വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ല സെക്രട്ടറി സി.വി വര്‍ഗീസും ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവും നടത്തിയ പരസ്യ വെല്ലുവിളികള്‍ക്കെതിരെ സിപിഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സി.വി വര്‍ഗീസും സി.പി മാത്യുവും തെരുവില്‍ പരസ്‌പരം പോര്‍വിളി മുഴക്കി, അക്രമ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുകയാണെന്നും കെ.കെ ശിവരാമന്‍ ആരോപിച്ചിരുന്നു.