ഇടുക്കി: മൂന്നാറിൽ സിഎസ്ഐ വൈദികർ നടത്തിയ ധ്യാനം കൊവിഡ് ചട്ടം ലംഘിച്ചെന്ന് ദേവികുളം സബ് കലക്‌ടറുടെ റിപ്പോർട്ട്. സബ് കലക്‌ടറുടെ റിപ്പോർട്ടിലാണ് 450 ഓളം പേർ ധ്യാനത്തിൽ പങ്കെടുത്തെന്ന് കണ്ടെത്തിയത്. ധ്യാനത്തിൽ 230 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്നായിരുന്നു സഭ നേതൃത്വം നൽകിയ വിശദീകരണം. 450 പേർ ധ്യാനത്തിൽ പങ്കെടുത്തു എന്നും മാസ്‌ക് ഉൾപ്പടെ ധരിക്കുന്നതിൽ വൈദികർ അലംഭാവം കാണിച്ചുവെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
Read more: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ധ്യാനം: സഭക്കെതിരെ പൊലീസ് കേസ്
ഏപ്രിൽ 12 മുതൽ ഇടുക്കിയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഏപ്രിൽ 13 മുതൽ 17 വരെ നടത്തിയ ധ്യാനം ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി വാങ്ങാതെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ധ്യാനത്തിൽ പങ്കെടുത്ത വൈദികർക്ക് കൊവിഡ് പിടിപെട്ടതോടെ സഭാ വിശ്വാസികൾ തന്നെയാണ് സഭാ നേതൃത്വത്തിനെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. സംഭവത്തിൽ സംഘാടകർക്കും വൈദികർക്കും മൂന്നാറിലെ സിഎസ്ഐ പള്ളി അധികാരികൾക്കുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. അതേസമയം കർശന നിയന്ത്രണങ്ങൾ ഉള്ള മൂന്നാറിൽ ഇത്രയും പേർ ഒത്തുകൂടിയത്തിൽ ഇൻ്റലിജൻസ് വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പരിശോധിക്കും.