ഇടുക്കി: മൂന്നാറില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വൈദികരെ പങ്കെടുപ്പിച്ച് സിഎസ്ഐ സഭ ധ്യാനം സംഘടിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു. മൂന്നാര്‍ പൊലീസാണ് ആര്‍ഡിഒയുടെ മൊഴി പ്രകാരം കേസെടുത്തിരിക്കുന്നത്. സംഘാടകര്‍ക്കും പങ്കെടുത്ത വൈദികര്‍ക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ നിന്നുള്ള 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനം നടത്തിയത്.
മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയ ഒരുവിധ കൊവിഡ് മാനദണ്ഡങ്ങളും ധ്യാനത്തിൽ പാലിച്ചിരുന്നില്ല. ധ്യാനത്തിന് ശേഷം മടങ്ങിയ നൂറോളം വൈദികര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് സഭാംഗമായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുപത്തി ഏഴാം തീയതി പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ദേവികുളം ആര്‍ഡിഒയുടെ മൊഴി പ്രകാരം മൂന്നാര്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
സംഘാടകരായ സഭാ നേതൃത്വത്തിനെതിരേയും മൂന്നാര്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കും, ധ്യാനത്തില്‍ പങ്കെടുത്ത വൈദികർക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, രോഗവ്യാപനത്തിന് കാരണമാകുന്ന തരത്തിലുള്ള ഒത്തുചേരല്‍ എന്നിവയ്ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം വലിയ ജാഗ്രതയിലൂടെ മുമ്പോട്ട് പോകുന്ന സമയത്ത് സഭയുടെ ഭാഗത്തുന്നിന്നുണ്ടായ വീഴ്ച്ചയില്‍ വിശ്വാസികള്‍ക്കിടയിലും പ്രതിഷേധം ഉയരുന്നുണ്ട്.