ഇടുക്കി: കൊവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍. കൊറോണ രോഗബാധ സംബന്ധിച്ച് തിങ്കളാഴ്ച്ച നവമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രസ്താവന.മെഡിക്കൽ മാസ്ക്കടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.
കൊവിഡ്19 കേന്ദ്രീകരിച്ച് നവമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റായ വാര്‍ത്തകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ മുഖേന അയക്കരുതെന്നും സബ് കലക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച്ച അടിമാലിയുള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ കൊവിഡ് രോഗബാധിതര്‍ എത്തിയെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത് ആളുകള്‍ക്കിടയില്‍ ആശങ്ക ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെറ്റായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ തീരുമാനം എടുത്തത്.