ഇടുക്കി : സ്വകാര്യ കമ്പനിയുടെ കാറ്റാടി നിർമാണം ഭീഷണിയുയര്‍ത്തുന്നുവെന്നും തടയണമെന്നും പുഷ്‌പക്കണ്ടത്ത് താമസിക്കുന്ന നിർധന കുടുംബം. ഒമ്പത് സെന്‍റ് ഭൂമിയിലെ വീടിന് ഭീഷണിയുയർത്തിയാണ് 250 അടി ഉയരത്തിൽ വീടിനോട് ചേർന്ന് കാറ്റാടിയന്ത്രം പടുത്തുയര്‍ത്തുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്‌ടർക്കും പൊലീസ് മേധാവിക്കും പരാതി നൽകി കാത്തിരിക്കുകയാണ് ഇവര്‍.
അപകടഭീതിയിൽ നിർധന കുടുംബം
നെടുങ്കണ്ടത്തിന് സമീപം പുഷ്‌പക്കണ്ടത്ത് മൂന്ന് കാറ്റാടിയന്ത്രങ്ങളുടെ പണികളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇതിൽ അണക്കരമേട് ഭാഗത്ത് പാറവിള മണിക്കുട്ടന്‍റെ വീടിന് സമീപമുള്ള കാറ്റാടിയന്ത്രത്തിന്‍റെ നിർമാണമാണ് പരാതിക്ക് കാരണമായിരിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളുമായി ഒമ്പത് സെന്‍റ് സ്ഥലത്താണ് മണിക്കുട്ടൻ താമസിക്കുന്നത്.
Also Read: നിർമാണ നിരോധനം ഇടുക്കിയിലെ കാർഷിക മേഖലയെ ബാധിക്കരുതെന്ന് ആവശ്യം
ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിതുനൽകിയ വീടിനോട് ചേർന്നാണ് കൂറ്റൻ കാറ്റാടിയന്ത്രം ഉയര്‍ത്തുന്നത്.
ഉരുൾപൊട്ടൽ ഭീഷണിയടക്കം നിലനിൽക്കുന്ന മേഖലയിൽ 250 അടിയിലേറെ ഉയരത്തിൽ ഒരുക്കുന്ന കാറ്റാടിയന്ത്രം തനിക്കും കുടുംബത്തിനും ഭാവിയിൽ അപകടഭീഷണിയുയർത്തുമെന്നാണ് മണിക്കുട്ടന്‍റെ പരാതി.
കുട്ടികളുടെ പഠനത്തിനും തടസം
നിലവിൽ ഒരു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കാറ്റാടിയന്ത്രത്തിന്‍റെ ശബ്‌ദം പോലും ഭയങ്കരമായാണ് മണിക്കുട്ടന്‍റെ വീട്ടിൽ കേൾക്കുന്നത്. വീടിനോട് ചേർന്ന് കേവലം 35 മീറ്റർ മാത്രം മാറിയാണ് പുതിയ കാറ്റാടിയന്ത്രത്തിന്‍റെ പണികൾ പുരോഗമിക്കുന്നത്.
അപകട ഭീഷണിയും ശബ്‌ദ മലിനീകരണവും മൂലം കുട്ടികളുടെ പഠനത്തിലും തടസമുണ്ടാകുമെന്ന ആശങ്കയും നിലനിൽകുന്നു.
നടപടി ആവശ്യപ്പെട്ട് കുടുംബത്തിന്‍റെ പരാതി
നിർമാണം നിർത്തിവയ്ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്‌ടർ, തഹസിൽദാർ, പൊലീസ് മേധാവി, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് മണിക്കുട്ടനും ഭാര്യ സിന്ധുവും പരാതി നൽകിയിട്ടുണ്ട്.
Also Read: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരൻ മരിച്ചു
സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടർ അറിയിച്ചു. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവൃത്തികള്‍ നടത്തുന്നതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.