ഇടുക്കി: കട്ടപ്പന മാർക്കറ്റിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന തിരഞ്ഞെടുപ്പിൽ സംഘർഷം. ഒരു പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യമായാണ് യു.ഡി.എഫ് പാനലിനെതിരെ മറ്റൊരു വിഭാഗം മത്സരിച്ചത്. ഔദ്യോഗിക പാനലിന് ഭരണം ലഭിച്ചു.
ഔദ്യോഗിക പാനലിൽ മത്സരിച്ച ഒരാളൊഴികെ ബാക്കിയെല്ലാവരും വിജയിച്ചു. ബദല്‍ ഗ്രൂപ്പിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കുവാൻ കഴിഞ്ഞത്. ജനറൽ വിഭാഗത്തിൽ ജോയ് ആനിത്തോട്ടമാണ് വിജയിച്ചത്. മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ ഭരണം വർഷങ്ങളായി യു.ഡി.എഫിന്റെ കയ്യിലാണ്. സൊസൈറ്റിയിൽ ആകെ 11 സീറ്റുകളാണുള്ളത്. ഇതിൽ കോൺഗ്രസ് ആറ് സീറ്റിലും കേരള കോൺഗ്രസ് അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. ഇതിനെതിരെയാണ് ഒരു വിഭാഗം നേതാക്കൾ മറ്റൊരു പാനൽ രൂപീകരിച്ചത്.
രാവിലെ മുതൽ തന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ ചെറിയ രീതിയിൽ വാക്കേറ്റമുണ്ടായിരുന്നു. വൈകിട്ട് വോട്ടെണ്ണൽ അവസാനിക്കാന്‍ നിമിഷങ്ങൾ ബാക്കി നിൽക്കെ ഇരുപക്ഷവും തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. പൊലീസെത്തിയതോടെ സ്ഥിതിഗതികള്‍ ശാന്തമായി. ഇരു വിഭാഗം പ്രവർത്തകരും നഗരത്തിൽ പ്രകടനവും നടത്തി.