ഇടുക്കി: രാമക്കല്‍മേട്ടില്‍ ഡിടിപിസി ജീവനക്കാരെ വനം വകുപ്പ് ജീവനക്കാരനും ബന്ധുക്കളും മര്‍ദിച്ചതായി പരാതി. എന്നാല്‍ ഡിടിപിസി ജീവനക്കാരൻ യുവതിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് എതിര്‍ പക്ഷത്തിന്‍റെ വാദം. രാമക്കല്‍മേട്ടിലെ സുരക്ഷാ ജീവനക്കാരനായ ഷാജിക്കാണ് മര്‍ദനമേറ്റത്. നെടുങ്കണ്ടം പൊലീസ് രണ്ടു പരാതികളിലും പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂറോളം നിലച്ചു. കൊവിഡ് മാനദണ്ഡങ്ങളുള്ളതിനാല്‍ ഒരു ഗേറ്റില്‍ ക്കൂടി മാത്രമെ പ്രവേശനം അനുവദിക്കൂ എന്ന് പറഞ്ഞതിനാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതെന്ന് ഡിറ്റിപിസി ജീവനക്കാരൻ ആരോപിച്ചു. ഇവര്‍ മദ്യപിച്ചാണെത്തിയതെന്നും പരാതിയുണ്ട്.
രാമക്കല്‍മേട് സന്ദര്‍ശനത്തിയ സംഘത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവര്‍ സംഭവം നടക്കുന്നതിന് മുമ്പ് തന്നെ പാസ് മുഖേന അകത്ത് പ്രവേശിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ തന്‍റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും യുവതി പറയുന്നു. തനിക്ക് നേരെ സെക്യൂരിറ്റി ശബ്ദം ഉയര്‍ത്തിയതോടെ പുറത്ത് നിന്ന ഭര്‍ത്താവ് ഗേറ്റ് കടന്ന് എത്തുകയായിരുന്നു. തുടര്‍ന്ന് ഡിറ്റിപിസി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തങ്ങളെ മര്‍ദിച്ചുവെന്നുമാണ് എതിര്‍ പരാതി.