ഇടുക്കി: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ മൂന്നാറിൽ അനധികൃതമായി കെട്ടിടം നിർമിക്കുന്നതായി പരാതി. മൂന്നാര്‍ ടൗണില്‍ അനുമതിയില്ലാതെ വീടിന്‍റെ രണ്ടാംനില നിർമിക്കുന്നുവെന്നാണ് ആരോപണം. പരാതി ഉയര്‍ന്നതിന് പിന്നാലെ അന്വേഷണത്തിന് ദേവികുളം സബ് കലക്‌ടര്‍ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു.
മൂന്നാര്‍ ടൗണിന്‍റെ മധ്യഭാഗത്താണ് എം.എൽ.എയുടെ വീട് സ്ഥിതിചെയ്യുന്നത്. ഇക്കാ നഗറിലുള്ള വീടിന്‍റെ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. മൂന്നാറിൽ എന്ത് നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി നിർബന്ധമാണ്. സമാന രീതിയിൽ രണ്ടാംനില നിര്‍മിച്ച നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഇവിടെ നിര്‍മാണം നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമെന്ന് ഐഎന്‍ടിയുസി ആരോപിക്കുന്നു.
കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് എസ്. രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണവും നിലവിലുണ്ട്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച തടയാൻ വീടിന് മുകളിൽ ഷീറ്റ് ഇട്ടതാണെന്നും എംഎൽഎ വ്യക്തമാക്കി.