ഇടുക്കി: വട്ടവടയിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുള്ള വട്ടവട മാതൃക ഗ്രാമം പദ്ധതി ഉപേക്ഷിക്കില്ലെന്ന് അറിയിപ്പ്. ഭൂമിയുടെ ഉടമസ്ഥാവകാശം ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായി. പദ്ധതി നടത്തിപ്പിനുണ്ടായിരുന്ന കലക്ടറുടെ സ്റ്റേ പിന്‍വലിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വട്ടവട മാതൃക ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ വീണ്ടും തീരുമാനമായി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എംഎല്‍എ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പഞ്ചാത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ രേഖകളുടെ അഭാവമായിരുന്നു പദ്ധതിക്ക് പ്രതിസന്ധിയായി മാറിയത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശം കൈമാറി പട്ടയം നല്‍കാനാണ് തീരുമാനം. സ്റ്റോപ് മെമ്മോയും പിന്‍വലിച്ചിട്ടുണ്ട്. മറ്റെല്ലാ അനുമതിയുമുള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും വട്ടവട പഞ്ചായത്ത് പ്രസിഡന്‍റ് രാമരാജ് പറഞ്ഞു.
രണ്ട് കോടി രൂപ ചെലവഴിച്ച് 108 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2018 ലാണ് വട്ടവട മാതൃക ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് 27 ഹൗസിംഗ് കോംപ്ലക്‌സ്, വായനശാല, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം, അങ്കണവാടി, ഷോപ്പിംഗ് മാള്‍, കുട്ടികളുടെ കളിസ്ഥലം എന്നിവ അടക്കം ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാലങ്ങളായി നിലനില്‍ക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ പാര്‍പ്പിട പ്രശ്‌നത്തതിന് ശാശ്വത പരിഹാരമാകും.