ഇടുക്കി: എല്‍ഡിഎഫ് ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്‌പ കുടിശ്ശിക വരുത്തിയ പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കേരള ബാങ്കിന്‍റെ നോട്ടിസ്. ഒരു ലക്ഷം മുതല്‍ 50 കോടി രൂപ വരെ തിരിച്ചടയ്ക്കാനാവശ്യപ്പെട്ടാണ് തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ ബോര്‍ഡംഗങ്ങള്‍ക്ക് കേരള ബാങ്ക് നോട്ടിസ് നല്‍കിയത്. നോട്ടിസ് ലഭിച്ച് 7 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ബോര്‍ഡംഗങ്ങളുടെ സ്വത്തില്‍ അവകാശം സ്ഥാപിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ നവംബറില്‍ (18/11/22) അയച്ച നോട്ടിസിലുണ്ട്.
ഒഎല്‍സിസി, കാര്‍ഷിക വായ്‌പ, സ്വര്‍ണ പണയ വായ്‌പ ഇനങ്ങളിലായി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്ക് കഴിഞ്ഞ മാര്‍ച്ച് 31 വരെ കുടിശിക വരുത്തിയ 73 കോടി രൂപ തിരിച്ചു പിടിക്കുന്നതിനാണ് കേരള ബാങ്ക് നടപടി തുടങ്ങിയത്. ബാങ്കിന്‍റെ ഭാഗത്ത് നിന്ന് പ്രതികരണമില്ലാത്ത സാഹചര്യത്തില്‍ കേസ് ആര്‍ബിട്രേഷന്‍ കോടതിക്ക് കെെമാറുമെന്ന് കേരള ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കില്‍ സിപിഎമ്മിന് 8ഉം സിപിഐക്ക് 3ഉം ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളാണുള്ളത്.
ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സിപിഐ പ്രാദേശിക നേതൃത്വവും 3 ഡയറക്‌ടര്‍ ബോര്‍ഡംഗങ്ങളും ആരോപിക്കുന്നു. കേരളാബാങ്കിൽ നിന്നും എടുത്തിരിക്കുന്ന വായ്‌പയുടെ കുടിശിക തിരിച്ച് അടക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും സഹകരണ ബാങ്ക് വായ്‌പാ നൽകിയിരിക്കുന്ന അംഗങ്ങളിൽ നിന്നും ലോൺ തുക തിരികെ അടപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമായ അയ്യായിരത്തിലധികം അംഗങ്ങളാണ് ബാങ്കിലുള്ളത്. വായ്‌പ കുടിശ്ശിക ഈടാക്കാന്‍ കേരള ബാങ്ക് നിയമ നടപടികളിലേക്ക് കടന്നാല്‍ ബാങ്കിന്‍റെ സ്വത്തു വകകള്‍ അറ്റാച്ച് ചെയ്യാന്‍ സാധ്യതയുണ്ട്. കൂലി പണി ചെയ്‌ത് മിച്ചം പിടിച്ച തുക ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള നിരവധി അംഗങ്ങൾ ഇതോടെ ആശങ്കയിലാണ്.