ഇടുക്കി: സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയില്‍ ഉൾപ്പെടുത്തി രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകുന്ന ആറ് വീടുകളുടെ താക്കോല്‍ദാനം സംസ്ഥാന വൈദ്യുതവകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സംസ്ഥാന സര്ക്കാരിന്റെ നേതൃത്വത്തില്‍ കെയര്‍ ഹോം പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് നാലായിരത്തോളം വീടുകളാണ് കെയര്‍ ഹോം പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കുന്നത്.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട രാജാക്കാട് പഞ്ചായത്തിലെ രാമചന്ദ്രന്‍ മംഗലത്ത്, മേരി മാത്യു ഈറ്റക്കാട്ട്, തോമസ് പുരയിടത്തില്‍, വിജയമ്മ സിബി പുത്തന്‍പുരക്കല്‍, ജോണ്‍സി നെച്ചിക്കാട്ട്, അനീഷ് പുല്‍പ്പറമ്പില്‍ എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്. രാജാക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് വി എ കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് കെ കെ തങ്കപ്പന്‍, പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.