ഇടുക്കി: തോട്ടം മേഖലയില്‍ ആശങ്ക പടര്‍ത്തി മൂന്നാര്‍ നല്ല തണ്ണിയില്‍ കാട്ടുപോത്തിന്‍റെ ജഡം കണ്ടെത്തി. തോട്ടം തൊഴിലാളികള്‍ താമസിച്ച് വരുന്ന ലയത്തിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പാതി ഭക്ഷിച്ച നിലയില്‍ കാട്ടുപോത്തിന്‍റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ പുലിയാണ് കാട്ടുപോത്തിനെ കൊലപ്പെടുത്തിയതെന്ന് വനപാലകർ സ്ഥിരീകരിച്ചു.
എന്നാല്‍ പോത്തിന്‍റെ ശേഷിച്ച ഭാഗം പ്രദേശത്തു നിന്നും നീക്കം ചെയ്യുന്നതിനോ ആശങ്കയകറ്റുന്നതിനോ വനപാലകര്‍ നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി പ്രദേശവാസികൾ രംഗത്തെത്തി. ബാക്കി ശരീരാവശിഷ്ടങ്ങള്‍ കൂടി പുലി വന്ന് ഭക്ഷിച്ചു കൊള്ളുമെന്ന നിലപാടാണ് വനപാലക സംഘം സ്വീകരിച്ചതെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ട സാഹചര്യത്തില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോട്ടം മേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വന്യമൃഗാക്രമണ ഭീഷണി വര്‍ധിപ്പിക്കുന്നതാണ് ഈ സംഭവം. കാട്ടാനക്കു പുറമെ പുലിയേയും പേടിക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ.