ഇടുക്കി: കനത്ത മഴയില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപാലത്തെ പാലം തകര്‍ന്നു. ഇതോടെ ചപാത്ത് - ശാന്തിപ്പാലം - മ്ലാമല - വണ്ടിപ്പെരിയാര്‍ റൂട്ടിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിവിധ സ്‌കൂളിലേക്ക് ഉള്‍പ്പെടെയുള്ള ഏക യാത്രാ മാര്‍ഗമാണിത്. ഇതേ റൂട്ടിലെ നൂറടിപാലവും ഇതേ ദിവസം തന്നെ തകര്‍ന്നിരുന്നു. ഇതോടെ ശാന്തിപ്പാലത്തിനും നൂറടിപ്പാലത്തിനും ഇടയിലുള്ള മ്ലാമല എന്ന പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ അഞ്ച് വാര്‍ര്‍ഡുകള്‍, ഏലപ്പാറ, പീരുമേട് എന്നീ പഞ്ചായത്തുകളിലെ രണ്ട് വീതം വാര്‍ഡുകളും ഉള്‍പ്പെടുന്നതും ആയിരക്കണക്കിന് കുടുംബള്‍ താമസിക്കുന്നതുമായ പ്രദേശമാണ് മ്ലാമല. പാലങ്ങള്‍ തകര്‍ന്നതോടെ ഇവിടെയുള്ളവര്‍ക്ക് കട്ടപ്പന, വണ്ടിപ്പെരിയാര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാനാകാതെ കുടുങ്ങിയ അവസ്ഥയിലാണ്. ഇതോടൊപ്പം കെ. ചപ്പാത്തില്‍ നിന്നും ശാന്തിപ്പാലം വരെയുള്ള റോഡിനിരുവശവും വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇവിടെ നിന്നുള്ള കല്ലും മണ്ണും എല്ലാം പെരിയാറ്റിലേക്കാണ് പതിച്ചിരിക്കുന്നത്. പലയിടത്തും നാട്ടുകാര്‍ മണ്ണ് നീക്കിയാണ് കെ. ചപ്പാത്തില്‍ നിന്നും ശാന്തിപ്പാലം വരെ ഗതാഗതം പുനൃഃസ്ഥാപിച്ചത്.