ഇടുക്കി: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി അതിർത്തി ചെക്‌പോസ്‌റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ മുഴുവൻ സമയ പരിശോധന ആരംഭിച്ചു. തമിഴ്‌നാടും താൽക്കാലിക ചെക്ക്പോസ്റ്റ് തുറന്നു.
ജില്ലയിൽ കമ്പംമെട്ട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിൽ മാത്രമാണ് വെറ്ററിനറി ചെക്ക്പോസ്‌റ്റുകൾ ഉള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേക്ക് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമെട്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്‌റ്റില്‍ ഒരുക്കിയത്.
ALSO READ: ഭാര്യയുടെ കാമുകനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; പ്രതിപട്ടികയില്‍ 16 കാരനും
ചെക്ക്പോസ്റ്റുകളിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്‌ടര്‍, അറ്റൻഡർ, ഫീൽഡ് ഓഫിസർ എന്നിവരടങ്ങിയ സംഘങ്ങളാണ് പരിശോധന നടത്തുന്നത്. ഇരു സംസ്ഥാനത്തേയ്ക്കും താറാവുകളെ കയറ്റി അയക്കുന്നത് പൂർണമായും നിലച്ചു.
കോഴികളുമായി വരുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് കടത്തിവിടുന്നത്. അവശതയുള്ളതോ ചത്തതോ ആയ കോഴികള്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയാല്‍ മടക്കി അയക്കാനാണ് അധികൃതരുടെ തീരുമാനം.