ഇടുക്കി: പ്രളയബാധിതര്‍ക്ക് വീടൊരുക്കി അടിമാലി മച്ചിപ്ലാവ് അസീസി ദേവാലയം. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്കാണ് കിടപ്പാടമൊരുങ്ങുന്നത്. പള്ളിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 30 സെന്റ് ഭൂമിയില്‍ വില്ലയൊരുക്കാന്‍ തീരുമാനിച്ചതോടെയാണ് അസീസി വില്ലയെന്ന കാരുണ്യ പദ്ധതിക്ക് ചിറക് മുളച്ചത്. ഇടവകാംഗങ്ങള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച വില്ലകള്‍ ഈ മാസം 14 ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലികുന്നേല്‍ കുടുംബങ്ങള്‍ക്ക് കൈമാറും. ആറ് വില്ലകള്‍ പള്ളിയോട് ചേര്‍ന്നും ശേഷിക്കുന്ന വീടുകള്‍ ഇടവകയുടെ വിവിധ ഭാഗങ്ങളിലുമായാണ് പണികഴിപ്പിച്ചിട്ടുള്ളത്. 10 കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയായതായും ഭവനനിര്‍മാണത്തിനായി സഹായമെത്തിച്ച എല്ലാവര്‍ക്കും നന്ദിയറിക്കുന്നതായും മച്ചിപ്ലാവ് പള്ളി വികാരി ഫാദര്‍ ജെയിംസ് മാക്കിയില്‍ പറഞ്ഞു.
വിവിധ സന്യാസ സമൂഹങ്ങള്‍, സഹകരണ ബാങ്കുകള്‍, പൊതു സ്ഥാപനങ്ങള്‍, വിവിധ വ്യക്തികള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ പിന്തുണയോടെയാണ് അസീസി പള്ളിക്കരികില്‍ പ്രളയ ബാധിതര്‍ക്ക് വീടുകള്‍ ഒരുക്കിയിട്ടുള്ളത്. പ്രളയത്തില്‍ വീടും പുരയിടവും നഷ്ടപ്പെട്ട കുടുംബങ്ങളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ചായിരുന്നു അര്‍ഹരായവരെ കണ്ടെത്തിയത്. പ്രളയം തല്ലിതകര്‍ത്ത ഏതാനും കുടുംബങ്ങളില്‍ എങ്കിലും വീണ്ടും സന്തോഷം നിറക്കാനായതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ഇടവകാംഗങ്ങളും പള്ളിവികാരിയും.